തിരുവനന്തപുരം: കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് കാസ്പ് ഹെൽത്ത് ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.
സംസ്ഥാനത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പ്രതിവർഷം പരമാവധി അഞ്ചു ലക്ഷം രൂപയുടെ പണരഹിതമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന കാസ്പ് പിഎംജെഎവൈ ഇൻഷ്വറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന്, എംപാനൽ ചെയ്ത ആശുപത്രികളിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കിയോസ്ക് നേരിട്ട് സന്ദർശിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
എന്നാൽ, കെഡിസ്ക് തയാറാക്കിയ കാസ്പ് ഹെൽത്ത് (KASP Health) എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ, ഇൻഷ്വറൻസ് പദ്ധതിയിലേക്കുള്ള യോഗ്യത, സമീപത്തെ എംപാനൽ ചെയ്ത ആശുപത്രികൾ, ചികിത്സാ വിഭാഗം എന്നിങ്ങനെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുജനങ്ങൾക്ക് ഗൂഗിൾപ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
Tags : Mobile App Karunya Health Insurance