കൊച്ചി: കാലിക്കട്ട് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
നവംബര്‍ ആറിന് സെനറ്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ എം. ശ്രീനാഥ് നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റീസ് വി.ജി. അരുണ്‍ നടപടികള്‍ രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തത്.
സര്‍വകലാശാലയില്‍ പുതിയ ജനറല്‍ കൗണ്‍സില്‍ നിലവില്‍ വന്നിട്ടും പഴയ കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കമെന്ന് ആരോപിച്ചാണു ഹര്‍ജി.
കാലിക്കട്ട് സര്‍വകലാശാലാ യൂണിയന് ഭരണഘടനയനുസരിച്ച് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി ഒരു വര്‍ഷമോ അല്ലെങ്കില്‍ അടുത്ത കോളജ് യൂണിയന് തെരഞ്ഞെടുപ്പ് വരെയോ ആണ്.
2025 സെപ്റ്റംബര്‍ 18ലെ വിജ്ഞാപനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഹര്‍ജിക്കാരനടക്കം അംഗങ്ങളെ ഒഴിവാക്കി മുന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പിന് വോട്ടര്‍പട്ടിക തയാറാക്കിയതു ശരിയായ രീതിയല്ല.
പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിലവിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി അവസാനിച്ചോ എന്ന നിയമപ്രശ്നം പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.