ന്യൂഡൽഹി: ചൈനയിൽനിന്ന് അപൂർവ ഭൗമ ധാതുക്കൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസ് ചില ഇന്ത്യൻ കന്പനികൾക്ക് ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കി.
സോളാർ പാനലുകൾ മുതൽ സ്മാർട്ട്ഫോണുകൾ വരെയും ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ സംവിധാനങ്ങൾ വരെയുള്ള നിർമാണങ്ങൾക്ക് അത്യന്താപേക്ഷിതമാണ് ഈ അപൂർവ ഭൗമ ധാതുക്കൾ. ഇവയുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇലക്ട്രോണിക് ഉത്പനങ്ങളുടെ വ്യവസായത്തിന് ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.
ഭാവിൽ അപൂർവ ഭൗമ വസ്തുക്കളുടെ വിതരണശൃംഖലയിലെ തടസങ്ങളിൽനിന്ന് ആഭ്യന്തരവ്യവസായത്തെ സംരക്ഷിക്കാൻ ഇന്ത്യ ഇവയുടെ കരുതൽ ശേഖരം വർധിപ്പിക്കാനും പദ്ധതിയിടുന്നു.
കേന്ദ്ര മന്ത്രിസഭ നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന് അംഗീകാരം നൽകി. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ധാതു സംസ്കരണപ്ലാന്റുകൾ നിർമിക്കുന്നതിന് ഇൻസെന്റീവുകൾ നൽകുന്നതിനായി സർക്കാർ 500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഈ പാർക്കുകളിൽ ധാതു സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്കു സർക്കാർ പ്രോത്സാഹനം നൽകും. കൂടാതെ സാങ്കേതികവിദ്യ വികസിപ്പിക്കാൻ അവരെ സഹായിക്കുകയും ചെയ്യും.