കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍.
ജിഎസ്ടി നടപടികളിലെ ലളിതവത്കരണം ചെറുകിട, ഇടത്തരം സംരംഭകമേഖലയില്‍ നികുതി ഇടപാടുകളിലെ സങ്കീര്‍ണതകള്‍ നീക്കിയെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെറുകിട സംരംഭക മേഖലയിലേക്ക് കൂടുതല്‍ പേര് പ്രവേശിക്കുന്നതിന് ജിഎസ്ടി പരിഷ്കരണം സഹായകമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. നികുതിഘടനയിലെ പരിഷ്കരണങ്ങള്‍ ജിഎസ്ടി സമാഹരണത്തിന്റെ തോതിൽ അഞ്ചുമുതല്‍ ഏഴുവരെ ശതമാനം വര്‍ധനയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വേഗതയേറിയതും ന്യായവും സൗഹൃദപരവുമായ ജിഎസ്ടി നടപടികളുടെ ഗുണഫലങ്ങള്‍ ബിസിനസുകള്‍ക്കും പൗരന്മാര്ക്കും ലഭിച്ചുതുടങ്ങി.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര എഫ്എംസിജി കമ്പനികള്‍ അവരുടെ ഉത്പന്നനിരയിലെ 40 ശതമാനത്തിന്റെയും ജിഎസ്ടി നിരക്കുകള്‍ അഞ്ചു ശതമാനമായി കുറച്ചു. ഇതുള്‍പ്പെടെ ദൈനംദിന അവശ്യവസ്തുക്കളുടെ വില താഴാന്‍ നികുതിപരിഷ്കരണം സഹായിച്ചു.
ഇലക്ട്രോണിക്സ് മേഖലയില്‍ സോണി, എല്‍ജി, പാനസോണിക് തുടങ്ങിയ ബ്രാന്‍ഡുകള്‍ വലിയ സ്ക്രീന്‍ സെറ്റുകളുടെ ജിഎസ്ടി കുറച്ചിട്ടുണ്ട്.
റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറച്ചതുപോലുള്ള മാറ്റങ്ങള്‍പോലും ദശലക്ഷക്കണക്കിന് ട്രെയിന്‍ യാത്രക്കാര്‍ക്കു നേട്ടമായി. ജിഎസ്ടിയിലെ ഇളവ് ഉത്പന്നങ്ങളുടെ ഉപഭോഗ അളവില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നികുതിസമ്പ്രദായത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക, ആശയക്കുഴപ്പങ്ങള്‍ കുറയ്ക്കുക, നിയമങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും ജിഎസ്ടി നടപടികളെ സൗഹൃദപരമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കേന്ദ്രസര്‍ക്കാര്‍ ഈ രംഗത്തു പരിഷ്കാരങ്ങള്‍ നടപ്പാക്കിയത്.
Tags : GST reform