അന്പലമുക്ക് വിനീത കൊലക്കേസ്: പ്രതിക്കു വധശിക്ഷ
Friday, April 25, 2025 2:33 AM IST
തിരുവനന്തപുരം: പേരൂർക്കട അന്പലമുക്കിൽ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയായിരുന്ന നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. കൂടാതെ ജീവപര്യന്തം കഠിനതടവും വിവിധ വകുപ്പുകളിലായി 8,10,500 രൂപ പിഴയും വിധിച്ചു.
കന്യാകുമാരി തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രനെ (42) ആണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ കൊല ചെയ് തുള്ള കവർച്ചയ്ക്കു ജീവപര്യന്തം കഠിനതടവും നാലു ലക്ഷം രൂപ പിഴയും കുറ്റകരമായ വസ്തുകൈയേറ്റത്തിനു മൂന്നുമാസം കഠിനതടവും 500 രൂപ പിഴയും തെളിവു നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴകൾ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്ന് 600 പേജുള്ള വിധിന്യായത്തിൽ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി പ്രസൂണ് മോഹൻ ഉത്തരവിട്ടു.
പിഴത്തുകയിൽനിന്നും നാലു ലക്ഷം രൂപ വിനീതയുടെ കുട്ടികൾക്കു നൽകണം. കൂടാതെ കുട്ടികൾക്കും മാതാപിതാക്കൾക്കും ലീഗൽ സർവീസ് അഥോറിറ്റിയിൽനിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ട വിനീതയുടെ 14 ഉം 11 ഉം വയസായ രണ്ടു മക്കൾ വിനീതയുടെ മാതാപിതാക്കളോടൊപ്പമാണു കഴിയുന്നത്. വിധി പറയുന്നതു കേൾക്കാൻ വിനീതയുടെ മാതാപിതാക്കളും കുട്ടികളും കോടതിയിലെത്തിയിരുന്നു.
ശിക്ഷയെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്ക്, 70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണന്നും പോലീസിനെ ഭയന്ന് സഹോദരൻ പ്രഭുവും സഹോദരി സുബ്ബലക്ഷ്മിയും അമ്മയെ കാണാൻ പോലും കൂട്ടാക്കാറില്ലെന്നും പ്രതി കോടതിയോടു പറഞ്ഞു.
ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷന്റെയും പ്രതിയുടെയും വാദങ്ങളും കോടതി കേട്ടു. പ്രതി കൊടും കുറ്റവാളിയാണന്നും കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്ത്രീകളായിരുന്നുവെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ പറഞ്ഞു.