പൊന്നമ്മ ഡിസി അന്തരിച്ചു
Friday, April 25, 2025 1:17 AM IST
കോട്ടയം: എഴുത്തുകാരനും പ്രസാധകനുമായിരുന്ന ഡിസി കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസി (90) അന്തരിച്ചു. സംസ്കാരം 27ന് ഉച്ചകഴിഞ്ഞ് രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍. മൃതദേഹം 26നു രാവിലെ 10 മുതല്‍ ദേവലോകത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
പൊന്നമ്മ രണ്ടു പതിറ്റാണ്ട് ഡിസി ബുക്സ് പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു. 1974ല്‍ ഡിസി ബുക്സ് ആരംഭിച്ചപ്പോള്‍ നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡിസിയായിരുന്നു. ഡിസി ബുക്സിന്റെ മാനേജിംഗ് പാര്‍ട്ണറാണ്.
തകഴി, ബഷീര്‍, സി.ജെ. തോമസ് തുടങ്ങിയവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡിസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഡിസി കിഴക്കേമുറിക്ക് ലഭിച്ച മരണാനന്തര പത്മഭൂഷന്‍ രാഷ്ട്രപതി കെ.ആര്. നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മയായിരുന്നു.
ചെങ്ങന്നൂര്‍ കടക്കേത്തുപറമ്പില് പി.വി. ഐസക്കിന്റെയും റേച്ചലിന്റെയും ഇളയപുത്രിയായി 1934 ഡിസംബര്‍ മൂന്നിനായിരുന്നു ജനനം.
മക്കള്‍: താര, മീര, രവി ഡിസി (ഡിസി ബുക്സ്). മരുമക്കള്‍: ജോസഫ് സത്യദാസ് (സിംഗപ്പുര്‍ സ്ട്രെയ്റ്റ് ടൈംസ് സീനിയര്‍ എഡിറ്റര്‍), അനില്‍ വര്‍ഗീസ് (ബിസിനസ്), രതീമ (എക്സിക്യുട്ടീവ് ഡയറക്ടര്‍, ഡിസി ബുക്സ്).