ചരക്കു സേവന നികുതി ആംനസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഇളവോടെ കുടിശിക തീർപ്പാക്കാം
Friday, April 25, 2025 1:17 AM IST
തിരുവനന്തപുരം: ചരക്കു സേവന നികുതി വകുപ്പിൽ ആംനസ്റ്റി പദ്ധതികളിൽ വ്യാപാരികൾക്ക് ഇപ്പോൾ ഇളവുകളോടെ കുടിശിക തീർപ്പാക്കാം.
2025-26ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ജനറൽ ആംനസ്റ്റി പദ്ധതി, ഫ്ളഡ് സെസ് ആംനസ്റ്റി, ബാർ ഹോട്ടലുകൾക്കുള്ള ആംനസ്റ്റി, ഡിസ്റ്റിലറി അരിയർ സെറ്റിൽമെന്റ് സ്കീം എന്നീ നാല് ആംനസ്റ്റി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആംനസ്റ്റി പദ്ധതികളിൽ ചേരുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്.
ജിഎസ്ടി നിയമം നിലവിൽ വരുന്നതിനു മുൻപുള്ള നികുതി നിയമങ്ങളുമായി ബന്ധപ്പെട്ട കുടിശിക തീർപ്പാക്കാനായി നടപ്പാക്കുന്ന സമഗ്ര കുടിശിക നിവാരണ പദ്ധതിയാണ് ജനറൽ ആംനസ്റ്റി പദ്ധതി. ഇതുപ്രകാരം കേരള മൂല്യവർധിത നികുതി നിയമം, കേരള പൊതുവിൽപ്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷികാദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോട് അനുബന്ധിച്ചുള്ള നികുതി കുടിശിക തീർപ്പാക്കാനുള്ള അവസരമാണിത്.
കുടിശികയുള്ള നികുതിയുടെ നിശ്ചിത ശതമാനം കിഴിവും പിഴ, പലിശ എന്നിവയിൽ പൂർണ ഒഴിവും ലഭ്യമാകും. കുടിശികകള്‍ നികുതി തുകയെ അടിസ്ഥാനമാക്കി മൂന്ന് സ്ലാബുകളായി തിരിച്ചു.
ഒന്നാം സ്ലാബിൽ 50,000 രൂപ മുതൽ 10 ലക്ഷം വരെ നികുതി തുകയുള്ള കുടിശികകൾ നികുതി തുകയുടെ 30% ഒടുക്കി തീർപ്പാക്കാം. രണ്ടാം സ്ലാബായ 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ നികുതി കുടിശിക രണ്ടു വിധത്തിൽ തീർപ്പാക്കാം. അപ്പീൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശിക നികുതി തുകയുടെ 50 ശതമാനം ഒടുക്കിയും അപ്പീലിലുള്ള കുടിശിക നികുതി തുകയുടെ 40% അടച്ചും തീർപ്പാക്കാം.
മൂന്നാമത്തെ ഒരു കോടിയിൽ അധികം നികുതി കുടിശികയുള്ളവ രണ്ട് തരത്തിൽ തീർപ്പാക്കാം. അപ്പീൽ ഇല്ലാത്ത കുടിശിക നികുതി തുകയുടെ 60% ഒടുക്കിയും അപ്പീലുള്ളവ കുടിശികയുടെ 50% ഒടുക്കിയും തീർപ്പാക്കാം.
കുടിശിക തീർപ്പാക്കാൻ ഒടുക്കേണ്ട തുക മുൻകൂറായി അടച്ച ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള നികുതി തുക ഇ-ട്രഷറി പോർട്ടല്‍ വഴി അടച്ച ശേഷം അടച്ച വിവരങ്ങളും അനുബന്ധ ചെലാനുകളും ഉൾപ്പെടുത്തിയ അപേക്ഷ ജൂണ്‍ 30നകം സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമർപ്പിക്കണം.