എൽഡിഎഫ് സർക്കാർ ഇടുക്കിയിൽ റിസർവ് വനമാക്കിയത് 18,903 ഏക്കർ
Friday, April 25, 2025 1:17 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ഒന്പതുവർഷത്തെ ഭരണകാലയളവിനുള്ളിൽ ഇടുക്കി ജില്ലയിൽ 18,903.59 ഏക്കർ ഭൂമി റിസർവ് വനമാക്കി മാറ്റി. ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാൻ രഹസ്യനീക്കം നടത്തുന്നതായുള്ള ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സമീപകാലയളവിൽ വനം-റവന്യു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
കണ്ണൻദേവൻ റിസർവ്-17,066.49 ഏക്കർ, സൂര്യനെല്ലി റിസർവ്-714.26, കുമളി റേഞ്ച്ഓഫീസ് കോന്പൗണ്ട ് റിസർവ്-6.59, ചെങ്കുളം റിസർവ്-214.93, ചിന്നക്കനാൽ റിസർവ്-897.62, ആനയിറങ്കൽ റിസർവ്-3.69 എന്നിവിടങ്ങളാണ് റിസർവ് വനമാക്കിയത്.
ഇതിനു പുറമെ കൂടുതൽ പ്രദേശങ്ങൾ റിസർവ് വനമാക്കാനുള്ള നീക്കം അണിയറയിൽ നടന്നുവരുന്നതായും സൂചനയുണ്ട്. ഇതിനിടെ സിഎച്ച്ആർ മേഖലയിലെ 2,64,000 ഏക്കർ വനഭൂമിയാണെന്ന വിചിത്രവാദവുമായി വനംവകുപ്പ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വാദം സുപ്രീംകോടതി ശരിവയ്ക്കാൻ ഇടയായാൽ ദൂരവ്യാപകമായ പ്രത്യാഘാതമാകും ഉണ്ടാകുക.
ജില്ലയിൽ വനംവകുപ്പ് നടപടികൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുന്പോഴും കൂടുതൽ പ്രദേശങ്ങൾ റിസർവ് വനമാക്കാനും കർഷകരെ ദ്രോഹിക്കാനുമുള്ള നടപടികൾ നടന്നുവരുന്നത് കടുത്ത ആശങ്കസൃഷ്ടിക്കുന്നുണ്ട്. ഇടുക്കിയിൽ ഘട്ടംഘട്ടമായി ആളുകളെ കുടിയൊഴിപ്പിച്ച് വനമാക്കിമാറ്റാനുള്ള ഗൂഢ ശ്രമമാണ് നടത്തുന്നതെന്ന വാദത്തിന് അടിവരയിടുന്ന നടപടികളാണ് സമീപനാളിൽ നടന്നുവരുന്നത്.
1977 ജനുവരി ഒന്നിനുമുന്പ് കൈവശത്തിലുളള തൊടുപുഴ താലൂക്ക് പരിധിയിലുള്ള ഏതാനും വില്ലേജുകൾ റവന്യു-വനംവകുപ്പ് സംയുക്ത പരിശോധനയിൽ ഉൾപ്പെടാതെ പോയതായി പരാതിലഭിച്ചിട്ടുണ്ടെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇതിനു പുറമെ ചില പ്രദേശങ്ങൾ പൂർണമായും സംയുക്ത പരിശോധനയിൽ നിന്നും ഒഴിവായിട്ടുമുണ്ട്.
വണ്ണപ്പുറം വില്ലേജിലെ കുരിശ് സ്ഥാപിച്ച നാരങ്ങാനം, വെള്ളിലാംപറന്പ്, കള്ളിപ്പാറ, വട്ടത്തൊട്ടി, കന്പകക്കാനം എന്നീ സ്ഥലങ്ങളും ഇടുക്കി വില്ലേജിലെ മണിയാറൻകുടി, കൊക്കരകുളം, മുളകുവള്ളി, വാഴത്തോപ്പ്, തടിയന്പാട്, ചെറുതോണി, പൈനാവ്, താന്നിക്കണ്ടം എന്നിവയും കഞ്ഞിക്കുഴി വില്ലേജിലെ വെണ്ണി, പഴയരിക്കണ്ടം, പുന്നയാർ, മൈലപ്പുഴ, കഞ്ഞിക്കുഴി, കീരിത്തോട്, അട്ടിക്കളം, വരകുളം എന്നീ പ്രദേശങ്ങളും ജോയിന്റ് വെരിഫിക്കേഷനിൽനിന്നും വിട്ടുപോയിട്ടുള്ളതായി റവന്യുവകുപ്പിൽനിന്നു ലഭിച്ച രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
1980-ലെ വനനിയമം പ്രാബല്യത്തിൽ വരുന്നതിനു മുന്പ് വനഭൂമിയിൽ പട്ടയം നൽകിയതും പട്ടയം നൽകാൻ തീരുമാനിച്ചതുമായ സ്ഥലം വനത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളതായി 2020-ൽ റവന്യുവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഈ രേഖകളെല്ലാം അധികൃതരുടെ കൈവശമുള്ളപ്പോഴാണ് നാരങ്ങാനത്തെ കുരിശ് പിഴുതെറിയാൻ വനംവകുപ്പ് കച്ചകെട്ടിയിറങ്ങിയത്. കുരിശ് നീക്കം ചെയത ദിവസം റേഞ്ച് ഓഫീസർ ടി.കെ. മനോജ് മാധ്യമങ്ങളോട് പറഞ്ഞത് ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ സ്ഥലമാണെന്നും ഇതു വനംവകുപ്പിന് അവകാശപ്പെട്ടതാണെന്നുമായിരുന്നു.
അതേസമയം നാരങ്ങാനം ഉൾപ്പെടുന്ന പ്രദേശം ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത പട്ടയമില്ലാത്ത വനഭൂമിയാണെന്നാണ് വില്ലേജ് ഓഫീസർ എൻ.കെ. ഷാജി വനംവകുപ്പിന് കൈമാറിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നതിനു മുന്പ് കൈവശഭൂമിയിൽ അവകാശം സ്ഥാപിച്ച വനംവകുപ്പിന്റെ നടപടിയാണ് ചോദ്യംചെയ്യപ്പെടുന്നത്.
2020 ജൂണ് രണ്ടിലെ റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇവിടെ ജോയിന്റ് വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്നും ഇതിനുള്ള നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു.
വനമെന്ന റിപ്പോർട്ടിൽ ദുരൂഹത
വില്ലേജ് രേഖകളിൽ നാരങ്ങാനം ഉൾപ്പെടുന്ന പ്രദേശം ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത പട്ടയമില്ലാത്ത വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയതിൽ ദുരൂഹതയുണ്ട്. വനം-റവന്യു വകുപ്പുകൾ കാളിയാർ റേഞ്ചിലെ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിന് അംഗീകാരം നൽകിയത് 1983 ഒക്്ടോബർ 31നാണ്. വില്ലേജ് രേഖകൾ തയാറാക്കിയതാവട്ടെ 1930നു മുന്പാണ്.
ജോയിന്റ് വെരിഫിക്കേഷൻ നടക്കുന്നതിന് 50 വർഷം മുൻപ് തയാറാക്കിയ വില്ലേജ് രേഖകൾ പ്രകാരമാണ് ഈ പ്രദേശം വനമാണെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഇത് തെറ്റാണെന്ന് ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റ് പരിശോധിച്ചാൽ വ്യക്തമാകും. നാരങ്ങാനം മേഖലയിലെ ചില കൈവശങ്ങൾ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ഒട്ടേറെ പട്ടയങ്ങൾ ഈ പ്രദേശത്ത് നൽകിയിട്ടുമുണ്ട്.
ഈ പട്ടയ ഭൂമിയുൾപ്പെടെ വനമാണെന്നാണ് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജോയിന്റ് വെരിഫിക്കേഷനിലെ അപാകതകൾ പരിഹരിച്ച് അർഹരായ മുഴുവനാളുകൾക്കും പട്ടയം നൽകുകയാണ് വേണ്ടത്.