രാമചന്ദ്രന് വിടചൊല്ലാനൊരുങ്ങി ജന്മനാട്
Friday, April 25, 2025 1:17 AM IST
കൊച്ചി: കാഷ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് (65) ജന്മനാട് ഇന്നു വിടചൊല്ലും.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ എത്തിക്കും. ഏഴു മുതല്‍ ഒമ്പതു വരെ ഇവിടെ പൊതുദര്‍ശനം. തുടര്‍ന്ന് 9.30ന് ഇടപ്പള്ളി മോഡേണ്‍ ബ്രഡ് കന്പനിക്കു സമീപം മങ്ങാട്ട് റോഡിലെ നീരാഞ്ജനം വീട്ടിലെത്തിക്കും. വീട്ടിലെ കർമങ്ങൾക്കുശേഷം 11.30ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
ശ്രീനഗറില്‍നിന്നു ഡല്‍ഹിയില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് കൊച്ചിയിലെത്തിച്ചത്.
മന്ത്രി ആര്. ബിന്ദു ഇന്നലെ രാത്രി രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇന്നു രാവിലെ 8.15ന് പൊതുദര്‍ശനം നടക്കുന്ന ചങ്ങമ്പുഴ പാര്‍ക്കിലെത്തി അന്തിമോപചാരം അര്‍പ്പിക്കും.
തിങ്കളാഴ്ചയാണ് രാമചന്ദ്രന് കുടുംബസമേതം കാഷ്മീരിലേക്കു പോയത്. ഭാര്യ ഷീല, മകള്‍ ആരതിയുടെ ഇരട്ടക്കുട്ടികളായ കേദാര്‍, ദ്രുപത് എന്നിവരും ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്നു.