വരകളിലെ മാർപാപ്പയുമായി ബെല്ഗ്രീന്സ് ഇന്നു വീണ്ടും വത്തിക്കാനിൽ
Friday, April 25, 2025 1:17 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: അഞ്ചാം ക്ലാസുകാരനായ ബെല്ഗ്രീന്സും ജ്യേഷ്ഠൻ ബിൾഗ്രെയ്സും ഇന്ന് ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി കാണും. ബെല്ഗ്രീന്സ് വരച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചിത്രവും കൈയില്‍ കരുതിയാണു യാത്ര. ചിത്രം പ്രിയപ്പെട്ട മാർപാപ്പയുടെ ഭൗതികദേഹത്തിനരികെ സമർപ്പിക്കും.
14 വര്‍ഷമായി ഇറ്റലിയിൽ താമസിക്കുന്ന കൊച്ചി കുമ്പളങ്ങി കുറുപ്പശേരി ആന്റണി ബ്രൗൺ-ജെന്‍സി ദമ്പതികളുടെ മക്കളാണ് ഇരുവരും. നേരത്തേ ഫ്രാൻസിസ് മാർപാപ്പയുമായി അടുത്തിടപെടാനും സംസാരിക്കാനും ഈ കുടുംബത്തിന് അവസരം ലഭിച്ചിരുന്നു.
2024 നവംബര്‍ 30ന് വത്തിക്കാനില്‍ നടന്ന ലോകമത സമ്മേളനത്തിന്റെ ലോക്കല്‍ കോ-ഓർഡിനേറ്റർ എന്നനിലയിൽ ആന്റണി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ താൻ വരച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രവുമായാണ് ബെല്ഗ്രീന്സ് എത്തിയത്.
ചിത്രത്തിൽ ഒപ്പുവച്ചു തരാമോയെന്ന ബെല്ഗ്രീന്സിന്റെ ചോദ്യത്തിന് സന്തോഷത്തോടെ അഭിനന്ദനമറിയിച്ചാണ് മാർപാപ്പ അതു ചെയ്തുകൊടുത്തത്. ചിത്രം വളരെ നന്നായിട്ടുണ്ടെന്നും ഇനിയും വരയ്ക്കണമെന്നും ബെല്ഗ്രീന്സിനെ അന്നു മാർപാപ്പ ഓർമിപ്പിച്ചു. അഞ്ചു മിനിറ്റോളം മാര്‍പാപ്പയ്ക്കൊപ്പം ഇവർ ചെലവിട്ടു. തങ്ങള്‍ക്കു മാർപാപ്പ കൊന്തയും മിഠായിയും നൽകിയെന്നും ബെൽഗ്രീൻസ് ഓർക്കുന്നു.
വത്തിക്കാന്‍ മ്യൂസിയത്തിനടുത്തുള്ള കെയ്റോളി സ്കൂളിലെ അഞ്ചാം ക്ലാസുകാരനാണ് ബെല്ഗ്രീന്സ് ബ്രൗണ്‍. തന്നെ ഏറെ പ്രചോദിപ്പിച്ച മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കുന്പോൾ അദ്ദേഹത്തിന്റെ ചിത്രംതന്നെ ഓർമപ്പൂക്കളായി സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
മാര്‍പാപ്പയുടെ മരണവിവരം അറിഞ്ഞപ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ടെന്ന തോന്നലായിരുന്നു മനസിലെന്ന് കുട്ടികളുടെ പിതാവ് ആന്റണി ബ്രൗണ്‍ പറഞ്ഞു.
കുട്ടികളെ പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കണമെന്നു പറഞ്ഞാണ് മാര്‍പാപ്പ അന്നു തങ്ങളെ യാത്രയാക്കിയതെന്നും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് ചെയര്‍മാന്‍കൂടിയായ ബ്രൗൺ പറഞ്ഞു. ലോകമത സമ്മേളനവേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാള ഗാനം ആലപിച്ച ഗായകസംഘത്തിൽ ബിള്ഗ്രെയ്സും ബെല്ഗ്രീന്സും ഉണ്ടായിരുന്നു.