റെയിൽവേയിൽ ഇനി ഡ്രോൺ ശുചീകരണവും
Friday, April 25, 2025 1:17 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: കാലത്തിന് അനുസരിച്ച് കോലം മാറാൻ ഇന്ത്യൻ റെയിൽവേയും. ഇതിന്റെ ഭാഗമായി പരീക്ഷണാർഥം ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് വടക്കു കിഴക്കൻ അതിർത്തി റെയിൽവേ. ഇവിടത്തെ കാമാഖ്യ സ്റ്റേഷനിലാണ് ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനം നടത്തിയത്.
സ്റ്റേഷൻ പരിസരത്തെ ഉയർന്ന കെട്ടിടങ്ങളും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലും കോച്ചുകളുടെ മേൽക്കൂരകളിലുമടക്കം ഡ്രോൺ കൺട്രോൾഡ് ക്ലീനിംഗ് വിജയകരമായി പൂർത്തിയാക്കി. സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് ഡിപ്പോയിലെ സിക്ക് ലൈൻ, അണ്ടർ ഫ്ലോർ വീൽ ലാത്ത് ഷെഡ് തുടങ്ങിയവയും ഡ്രോൺ നിയന്ത്രണത്തോടെ കാര്യക്ഷമമായി ശുചീകരിച്ചു.
ഡ്രോൺ അധിഷ്ഠിത ശുചീകരണം പ്രവേശനക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തി എന്ന് മാത്രമല്ല അപകടകരമായതോ ഉയർന്നതോ ആയ പ്രദേശങ്ങളിൽ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനും സാധിച്ചു എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത്. വിജയകരമായതിനാൽ രാജ്യത്തെ 17 റെയിൽവേ സോണുകളിലെ പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലും ഡ്രോൺ അധിഷ്ഠിത ക്ലീനിംഗ് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള ആധുനിക ക്ലീനിംഗ് രീതിയാണ് അവലംബിക്കുന്നത്.അറ്റകുറ്റപ്പണികൾക്ക് അടക്കം സ്മാർട്ട് രീതികൾ അവലംബിക്കാനും ഡ്രോൺ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും.യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും ഒരുപോലെ വൃത്തിയുള്ളതും സുരക്ഷിതവും കാര്യക്ഷമവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഡ്രോൺ അധിഷ്ഠിത ശുചീകരണം വഴിയൊരുക്കും.