""അശ്ലീലച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പി''; ഷൈന്‍ ടോമിനെതിരേ പുതുമുഖ നടിയും
Friday, April 25, 2025 2:33 AM IST
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി മറ്റൊരു നടികൂടി രംഗത്ത്.
"സൂത്രവാക്യം’സിനിമാ സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്നും അദ്ദേഹം ലഹരി ഉപയോഗിച്ചോയെന്ന് അറിയില്ലെന്നും പുതുമുഖ നടിയും ഓസ്ട്രേലിയയില്‍ താമസക്കാരിയുമായ അപര്‍ണ ജോണ്‍സ് പറഞ്ഞു.
പെരുമാറ്റം അസ്വസ്ഥതയുളവാക്കുന്നതായിരുന്നു. അസാധാരണമായി പെരുമാറി. എന്നാല്‍, വിഷയത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും അപര്‍ണ ജോണ്‍സ് പറഞ്ഞു.
ഷൂട്ടിംഗ് സെറ്റില്‍ ഞാനടക്കമുള്ള സ്ത്രീകളോടുള്ള ഷൈനിന്റെ പെരുമാറ്റം മോശമായിരുന്നു. അശ്ലീലച്ചുവയോടെ ശല്യപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചു. വളരെ അസാധാരണമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളുടെ അടുത്ത് എങ്ങനെ കാര്യങ്ങള്‍ സംസാരിക്കും. അതുകൊണ്ടുതന്നെ ഈ വിഷയം നേരിട്ടു ഷൈനിനോട് സംസാരിച്ചിരുന്നില്ല.
അതേസമയം, ഷൈനില്നിന്നു ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ സെറ്റിലുണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതേക്കുറിച്ചു സംസാരിക്കുകയും അവര്‍ അണിയറ പ്രവര്‍ത്തകരോടു സംസാരിച്ച് തന്റെ ഷെഡ്യൂള്‍ പെട്ടെന്ന് തീര്‍ത്തുതന്ന് സഹായിക്കുകയും ചെയ്തു. അതുകൊണ്ട് സിനിമയുടെ ഭാഗമായ മറ്റാരോടും ഔദ്യോഗികമായി ഈ വിഷയത്തില്‍ പരാതി പറഞ്ഞിട്ടില്ല.
ഷൈന്‍ സംസാരിക്കുമ്പോള്‍ വെളുത്ത നിറത്തിലുള്ള പൊടി വായില്‍നിന്നു വീഴുന്നത് താനും കണ്ടിരുന്നു. എന്നാല്‍, ഇത് എന്താണെന്ന് വ്യക്തമായി പറയാന്‍ അറിയില്ല. പ്രതികരിച്ചുകഴിഞ്ഞാല്‍ അതു സിനിമയെ എങ്ങനെ ബാധിക്കുമെന്നും ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് മൗനം പാലിച്ചത്. സെറ്റില്‍ മറ്റു നടിമാര്‍ക്കും ഷൈനില്‍നിന്ന് ദുരനുഭവമുണ്ടായതായി വിന് സി. അലോഷ്യസ് വെളിപ്പെടുത്തിയത് തന്നെക്കുറിച്ചാണ്.
"സൂത്രവാക്യം’ സിനിമയുടെ ആഭ്യന്തര പരാതിപരിഹാര സമിതി തന്നോട് ഇക്കാര്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയിരുന്നു.
വാട്സ് ആപ് വഴി ലഭിച്ച ചേദ്യാവലിക്ക് ഉത്തരം നല്‍കിയതായും ഓസ്ട്രേലിയയില്‍ ബിസിനസ് ചെയ്യുന്ന തിരുവല്ല സ്വദേശിനിയായ നടി പറഞ്ഞു.
പരാതിയുമായി വിന് സി. മുന്നോട്ടുവന്നപ്പോള്‍ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയിരുന്നു. തനിക്ക് ഓസ്ട്രേലിയയില്‍ മറ്റൊരു കരിയര്‍ ഉണ്ട്. അതുകൊണ്ടുതന്നെ അവസരം കുറയുമെന്ന ഭയമില്ല. അങ്ങനെ ഭയന്നല്ല പരാതി നല്‍കാതിരുന്നതെന്നും അപര്‍ണ പറഞ്ഞു.