എകെഡബ്ല്യുഎഒ സംസ്ഥാന സമ്മേളനം നാളെ മുതൽ കണ്ണൂരിൽ
Friday, April 25, 2025 1:17 AM IST
കണ്ണൂർ: വാട്ടർ അഥോറിറ്റി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അഥോറിറ്റി ഓഫീസേഴ്സിന്റെ (എകെഡബ്ല്യുഎഒ) ആറാമത് സംസ്ഥാന സമ്മേളനം 26, 27 തീയതികളിൽ കണ്ണൂർ ശിക്ഷക് സദനിൽ നടക്കും.
26നു രാവിലെ പത്തിന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ ഡോ. വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്. തന്പി അധ്യക്ഷത വഹിക്കും. 27നു രാവിലെ പത്തിനു നടക്കുന്ന പൊതുസമ്മേളനം മുൻ എംപി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ച് പൂർവകാല നേതൃ സംഗമം, വാട്ടർ അഥോറിറ്റി വകുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ, പരിഹാര നിർദേശങ്ങൾ എന്നിവയിൽ ചർച്ചയും നടക്കും. പൂർവകാല നേതൃസംഗമം 26ന് ഉച്ച കഴിഞ്ഞ് മൂന്നിന് വാട്ടർ അഥോറിറ്റി ബോർഡ് അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും.
വാട്ടർ അഥോറിറ്റിയുടെ പ്രവർത്തനം എങ്ങിനെ മെച്ചപ്പെടുത്താമെന്ന വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ സമാഹരണം നടത്തുമെന്നും ഇതിനായുള്ള പ്രത്യേക ക്യു ആർ കോഡ് സ്കാൻ ചെയ്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.