സാന്പത്തികവർഷത്തെ ആദ്യ കടമെടുപ്പ് 2,000 കോടി
Friday, April 25, 2025 1:17 AM IST
തിരുവനന്തപുരം: സാന്പത്തിക വർഷത്തെ ആദ്യ കടമെടുപ്പിന് അനുമതി. 2,000 കോടി രൂപയാണ് കടമെടുക്കാൻ നടപടി തുടങ്ങിയത്.
സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് അടക്കം 1,000 കോടിയിലേറെ രൂപ വേണ്ടിവരുന്ന സാഹചര്യത്തിൽ ശന്പള- പെൻഷൻ വിതരണം അടക്കമുള്ള നിത്യനിദാന ചെലവുകള്‍ക്കാണ് 2,000 കോടി രൂപ കടമെടുക്കുന്നത്.
2025- 26 സാന്പത്തിക വർഷം സംസ്ഥാനത്തിന് 49,950 കോടി രൂപ കടമെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണു കേരളം കേന്ദ്രത്തെ സമീപിച്ചത്. എന്നാൽ, അനുമതി ലഭിച്ചില്ല.
അടിയന്തരമായി കടമെടുക്കാൻ അനുമതി ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രത്തെ സമീപിച്ചപ്പോൾ 4,000 കോടി രൂപ കടമെടുക്കാൻ താത്കാലിക അനുമതി നൽകി. ഇതിൽ നിന്നാണ് 2,000 കോടി കടമെടുക്കുന്നത്.
മേയ് മാസം പകുതിയോടെ ഒരു മാസത്തെ കുടിശിക അടക്കമുള്ള ക്ഷേമപെൻഷൻ നൽകേണ്ടതുണ്ട്.
ഇതിനായി 1,800 കോടി രൂപ ആവശ്യമുണ്ട്. ബാക്കി കടമെടുപ്പ് ക്ഷേമപെൻഷൻ വിതരണത്തിനാകും വിനിയോഗിക്കുക.