സീപ്ലെയിൻ വിഷയത്തിൽ സിപിഎമ്മിൽ രണ്ടഭിപ്രായം ഇല്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്
Wednesday, November 13, 2024 12:51 AM IST
പാലക്കാട്: സീപ്ലെയിൻ വിഷയത്തിൽ സിപിഎമ്മിൽ രണ്ടഭിപ്രായം ഇല്ലെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സീപ്ലെയിൻ കായലിൽ ഇറക്കുന്നതിലാണ് എതിർപ്പ്. ഇതു ഡാമിലാണ് ഇറക്കുന്നത്. ഡാമിൽ ഇറക്കുന്നതിന് ഒരു തൊഴിലാളിസംഘടനയും എതിർപ്പ് അറിയിച്ചിട്ടില്ല. കായലിൽ ഇറക്കുന്നതു സംബന്ധിച്ച് പ്രതിഷേധം വരുമ്പോൾ അക്കാര്യം പരിഗണിക്കും.
തൊഴിലാളിസംഘടനാനേതാക്കൾ പറഞ്ഞതു തൊഴിലാളികളുടെ വികാരമാണ്. അതു പൂർണമായും ശരിയാണ്. യുഡിഎഫ് ഗ്രൂപ്പു കളിച്ചു തമ്മിലടിച്ചു പദ്ധതി കുളമാക്കുകയായിരുന്നു. ഭരണംകിട്ടുമ്പോൾ ഒന്നും ചെയ്യാതെ തമ്മിലടിച്ചിട്ട് ഇപ്പോൾ കൂട്ടക്കരച്ചിൽ നടത്തിയിട്ടു കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണു ബിജെപിക്ക് ഓക്സിജൻ കൊടുക്കുന്നത്. പാലക്കാട്ട് എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരം. കെ. മുരളീധരൻ പറഞ്ഞതാണു ശരി. ബിജെപി നല്ല മത്സരത്തിലാണെന്നു ബിജെപി പ്രസിഡന്റുപോലും പറയുന്നില്ല.
പ്രതിപക്ഷ നേതാവ് മാത്രമാണ് പറയുന്നത്. ബിജെപിയും യുഡിഎഫും ഒരുമിച്ചു ട്രാക്ടർ ഓടിക്കുന്നതായിരുന്നു നല്ലത്. സംസ്ഥാനസർക്കാരിന്റെ നെഞ്ചത്തല്ല ട്രാക്ടർ ഓടിക്കേണ്ടിയിരുന്നത്. ഡൽഹിയിൽ പോയി കേന്ദ്രത്തിനെതിരേ ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.