തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: ഐസിസിയുടെ ‘ക്ലീന്‍ ചിറ്റ് ’ അന്തിമമല്ലെന്ന് കോടതി
Thursday, November 14, 2024 1:57 AM IST
കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ രൂപവത്കരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്നു ഹൈക്കോടതി.
ഏകപക്ഷീയവും സ്ഥാപനത്തിന് അനുകൂലമായും പക്ഷപാതപരവുമായാണ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വരുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ജസ്റ്റീസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമ ആരോപണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന കോളജ് മേധാവിയുടെ ഹര്‍ജി തള്ളിയാണു കോടതി നിരീക്ഷണം. ഐസിസി റിപ്പോര്‍ട്ടില്‍ തനിക്കെതിരേ ആരോപണമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
എന്നാല്‍ ഐസിസിയുടെ ‘ക്ലീന്‍ ചിറ്റ്’ മുഖവിലയ്ക്കെടുക്കാനാവില്ലെന്നും ലൈംഗികപീഡന ആരോപണങ്ങളില്‍ ആരംഭിച്ച പോലീസ് കേസ് അവസാനിപ്പിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
ഭൂരിഭാഗം ഐസിസി റിപ്പോര്‍ട്ടുകളും ഏകപക്ഷീയവും പക്ഷപാതപരവും സ്ഥാപനങ്ങള്‍ക്കും അനുകൂലവുമാണ് എന്നതു ഞെട്ടിക്കുന്നതാണ്. അതിനാല്‍ ഐസിസി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത സമഗ്രമായ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കണം.
ഇരയാക്കപ്പെട്ട വ്യക്തിക്കു നേരിട്ട് പോലീസില്‍ പരാതി നല്‍കാം. പോലീസ് കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയും ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഐസിസി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പോലീസ് കേസിനെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കോളജ് പ്രിന്‍സിപ്പലിന്റെയും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെയും ചുമതലയുള്ള സമയത്ത് ഒരു വനിതാ പ്രഫസറോട് അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തുകയും ലൈംഗികതാത്പര്യത്തോടെ സംസാരിക്കുകയും ചെയ്തതിനാണു ഹര്‍ജിക്കാരനെതിരേയുള്ള കേസ്.