ശബരിമലയിൽ 18 മണിക്കൂർ ദർശനം: തൽസമയ ദർശനത്തിനും ആധാർ നിർബന്ധം
Thursday, November 14, 2024 1:57 AM IST
തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി നാളെ വൈകുന്നേരം അഞ്ചിനു നടതുറക്കാനിരിക്കേ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു ദിവസം 18 മണിക്കൂർ ദർശനത്തിന് സൗകര്യം ഒരുക്കും.
പുലർച്ചെ മൂന്നു മണിക്കു തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി 11 വരെയും ദർശന സൗകര്യം ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവർ അറിയിച്ചു.
ഒരു ദിവസം 80,000 പേർക്കാണു ദർശനം. 70,000 പേർക്ക് വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്തും 10,000 പേർക്ക് തൽസമയവുമാണ് ദർശന സൗകര്യം. തൽസമയം ദർശനത്തിന് എത്തുന്നവർക്കും ആധാർ കാർഡോ പകർപ്പോ നിർബന്ധമാണ്. ആധാർ കാർഡ് വെരിഫിക്കേഷന് രണ്ടു മിനിറ്റു വീതം വേണ്ടിവരും.
പന്പയിൽ ഏഴു പോയിന്റും മറ്റിടങ്ങളായ എരുമേലിയിലും വണ്ടിപ്പെരിയാറിലും ആവശ്യമായ ക്രമീകരണവും ഒരുക്കും. 15,000 വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാൻ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. നിലയ്ക്കലിൽ 10,000 വാഹനങ്ങളും പന്പയിൽ 1500 ചെറു വാഹനങ്ങളും പാർക്ക് ചെയ്യാം.