പ്രസവാനന്തര വിഷാദം സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി
Thursday, November 14, 2024 1:57 AM IST
കൊച്ചി: പല സ്ത്രീകളിലും കാണുന്ന പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി. പ്രസവാന്തര വിഷാദം ചില സ്ത്രീകളില്‍ സാധാരണമാണ്. ഇത് പലപ്പോഴും താത്കാലി ക അവസ്ഥയാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും കോടതി നീരീക്ഷിച്ചു.
അമ്മയ്ക്കു കുഞ്ഞിനെ വിട്ടുനല്‍കാനാകില്ലെന്ന കുടുംബ കോടതി ഉത്തരവിനെതിരേ യുവതി നല്കിയ ഹര്‍ജി അനുവദിച്ചാണ് ഡിവിഷന് ബെഞ്ച് നിരീക്ഷണം. അമ്മയ്ക്ക് ഒന്നര വയസുള്ള മകളെ വിട്ടുകൊടുക്കാനും കോടതി നിര്‍ദേശിച്ചു. മകളെ പിതാവിന്റെ സ്ഥിരം കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള കുടുംബക്കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
കുഞ്ഞിനു ജന്മം നല്‍കിയതിനു തൊട്ടുപിന്നാലെ അമ്മയ്ക്കു പ്രസവാനന്തര വിഷാദരോഗം ഉണ്ടെന്നു സൂചിപ്പിക്കുന്ന മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കുടുംബക്കോടതി മകളെ പിതാവിന്റെ സ്ഥിരം കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്.
പ്രസവാനന്തര വിഷാദം ചില സ്ത്രീകളില്‍ സാധാരണമാണെന്നും ഇതു സ്ഥിരമായി തുടരുന്ന സാഹചര്യമല്ലെന്നുമുള്ള പഠനങ്ങള്‍ വിലയിരുത്താതെയാണ് കുടുംബക്കോടതി ഉത്തരവെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രനും ജസ്റ്റീസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
ഇപ്പോഴും പ്രസവാനന്തര വിഷാദമുണ്ടെന്നും കുട്ടിയെ മുലയൂട്ടാന്‍ പോലും അമ്മ തയാറല്ലെന്നുമാണ് അച്ഛന്റെ വാദം. വിവാഹമോചനത്തിനുശേഷം പിതാവ് കുട്ടിയുടെ സ്ഥിരമായ സംരക്ഷണം ആവശ്യപ്പെട്ട് കുടുംബ ക്കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി അനുവദിക്കുകയും ചെയ്തു.
എന്നാല്‍, തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ആരോപിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് അമ്മ കോടതിയെ അറിയിച്ചു. മുലയൂട്ടുന്ന അമ്മയില്‍നിന്ന് കുട്ടിയെ നീക്കംചെയ്യുന്നത് അവര്‍ക്കു ഗുരുതര ആഘാതമുണ്ടാക്കുമെന്നുമായിരുന്നു വാദം.
പ്രസവാനന്തരം ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യുവതിക്ക് നിലവില്‍ മാനസിക വൈകല്യങ്ങളൊന്നുമില്ലെന്നു മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണെന്നു കോടതി ചൂണ്ടി കാട്ടി.