സൈബർ പോലീസിനെ വിളിച്ച് കുടുങ്ങി വ്യാജപ്പോലീസ്
Thursday, November 14, 2024 1:00 AM IST
തൃശൂർ: സൈബർ തട്ടിപ്പുകാർ അരങ്ങുവാഴുന്നതിനിടെ തൃശൂരിലേക്കു മുംബൈയിൽനിന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍വിളി.
കാമറ ഓണാക്കാൻ ആവശ്യപ്പെട്ടായിരുന്നു കോൾ. എന്നാൽ, മറുതലയ്ക്കൽ കാമറ തകരാറിലാണെന്നു പറഞ്ഞതോടെ, വീണ്ടും കാമറ ഓണാക്കണമെന്ന് ഉദ്യോഗസ്ഥന്റെ ഉത്തരവ്. നിർബന്ധം ഏറിയതോടെ കാമറ ഓണാക്കി. ഫോൺ ചെയ്ത വ്യാജൻ ഞെട്ടി.
കാരണം പണംതട്ടാനുളള വ്യാജ പോലീസിന്റെ കോൾ വന്നതു തൃശൂരിലെ സൈബർ പോലീസ് സ്റ്റേഷനിലേക്കായിരുന്നു.
യഥാർഥ പോലീസിനെ കണ്ടതോടെ തട്ടിപ്പുകാരന്റെ കണ്ണുതള്ളി. നിങ്ങൾ തട്ടിപ്പുകാരനാണെന്നും നിങ്ങളുടെ മുഴുവൻ വിവരവും ഇവിടെ ലഭ്യമാണെന്നും സൈബർ പോലീസ് ആണെന്നും അറിയിച്ചതോടെ തട്ടിപ്പുകാരൻ ഫോണ്‍ ഓഫാക്കി കളംവിട്ടു.
കടുവയെ പിടിച്ച കിടുവ, യേ കാം ഛോട്ദോ ബായ് എന്ന അടിക്കുറിപ്പോടെ തൃശൂർ സിറ്റി പോലീസ്തന്നെയാണ് ഈ വീഡിയോ ട്രോൾരൂപത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പിന് ഇരയായാൽ ഉടനെ 1930ൽ വിളിച്ച് വിവരം അറിയിക്കണമെന്നു നിർദേശിച്ചാണ് പോലീസ് വീഡിയോ അവസാനിപ്പിക്കുന്നത്.