ചേലക്കരയിൽ `20 ലക്ഷം പിടികൂടി
Wednesday, November 13, 2024 1:59 AM IST
ചെറുതുരുത്തി: ചേലക്കരയിൽ ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കെ എസ്എൻഡിപി ഒറ്റപ്പാലം താലൂക്ക് യൂണിയൻ സെക്രട്ടറി കുളപ്പുള്ളി ചുള്ളിപ്പറന്പ് വീട്ടിൽ ജയന്റെ (62) കാറിൽനിന്ന് 20 ലക്ഷം രൂപ പിടികൂടി. ഇന്നലെ രാവിലെ എട്ടോടെ ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കലാമണ്ഡലത്തിനു സമീപം കാറിൽനിന്നു പണം പിടികൂടിയത്.
കുളപ്പുള്ളിയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുകയാണ് ജയൻ. മകൻ ജയകൃഷ്ണൻ (22), ഡ്രൈവർ രാമചന്ദ്രൻ എന്നിവരും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ ഇൻകം ടാക്സ് ഉദ്യോസ്ഥർ ചോദ്യംചെയ്തുവരികയാണ്.
തളിക്കുളം ബിഡിഒ റെജികുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് വാഹനം പിടികൂടിയത്. ബാങ്കിൽനിന്ന് 25 ലക്ഷം രൂപ പിൻവലിച്ച രേഖകൾ ഇവരുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 19,70,000 രൂപയാണ് കണ്ടെത്തിയത്. ജയന്റെ വീട്ടിലും പരിശോധന നടത്തി. രാത്രിയിലും പരിശോധന തുടർന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ചുലക്ഷം രൂപകൂടി കണ്ടെത്തി. ആ പണം ജയനുതന്നെ തിരികെ നൽകിയാണ് പരിശോധനാസംഘം മടങ്ങിയത്.
അതേസമയം, ജയൻ സിപിഎം അനുകൂലിയാണെന്നും സംഭവത്തിൽ സിപിഎം നേതാക്കളായ എം.ആർ. മുരളി, കെ.ബി. ജയദാസ് എന്നിവരുടെ പങ്കാളിത്തംകൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എംഎൽഎ അനിൽ അക്കര രംഗത്തെത്തി.
ബിജെപിക്കുവേണ്ടി വന്ന കുഴൽപ്പണമാണെന്ന ആരോപണം നിഷേധിച്ച് ബിജെപിയും രംഗത്തു വന്നിരുന്നു. സിപിഎമ്മിന്റെ തോൽവി കണ്ടുള്ള കുപ്രചാരണം മാത്രമാണ് ഇതിനു പിറകിലെന്നും ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യ ഘോഷ് വെട്ടിയാട്ടിൽ ആരോപിച്ചു.