വയനാട് പോളിംഗ് കുറഞ്ഞു; നേതാക്കൾക്കു നിരാശ
Thursday, November 14, 2024 1:57 AM IST
കൽപ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞതിൽ മുന്നണി നേതാക്കൾക്കു നിരാശ.
64.72 ശതമാനമാണ് പോളിംഗ്. പോളിംഗ് കുറഞ്ഞതിൽ എൽഡിഎഫ്, യുഡിഎഫ് ക്യാന്പുകളിലും എൻഡിഎയിലും നിരാശ പ്രകടമാണ്. എന്നാല് ചെയ്യാതെപോയ വോട്ടുകൾ എതിർ ചേരിയിലേതാണെന്ന ആശ്വാസം കൊള്ളുകയാണു മുന്നണികൾ.
ചരിത്രഭൂരിപക്ഷത്തിനു പ്രിയങ്ക ഗാന്ധിയെ പാർലമെന്റിൽ എത്തിക്കാൻ നടത്തിയ പ്രചാരവേലകൾ ഫലവത്തായില്ലെന്നു കരുതുന്നവർ യുഡിഎഫ് നിരയിൽ നിരവധിയാണ്. അതേസമയം, പ്രതീക്ഷിച്ച ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കു ലഭിക്കുമെന്നും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിൽ അധികവും എൽഡിഎഫ് അണികളും അനുഭാവികളും ആണെന്ന വിലയിരുത്തലിലാ ണ് നേതൃത്വം.
വയനാട് മണ്ഡലത്തിൽ യുഡിഎഫ് ടിക്കറ്റിൽ കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി ആദ്യമായി മത്സരിച്ച 2019ൽ 80.33 ശതമാനമായിരുന്നു പോളിംഗ്. രാഹുൽ രണ്ടാമതും ജനവിധി തേടിയ 2024ൽ പോളിംഗ് 73.48 ശതമാനമായി കുറഞ്ഞു.
മണ്ഡലം പരിധിയിലെ ഏഴ് നിയോജകമണ്ഡലങ്ങളിലുമായി പതിനായിരിക്കണക്കിനു വോട്ടർമാരാണ് പോളിംഗ് ബൂത്തുകളിൽ എത്താതിരുന്നത്. ഇത് തെരഞ്ഞെടുപ്പുഫലത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമായി പറയാൻ കഴിയാത്ത സ്ഥിതിയിലാണ് ഇടതുമുന്നണി നേതൃത്വവും. യുഡിഎഫിനു കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് പോൾ ചെയ്യാതെപോയതിൽ അധികവുമെന്നാണ് എൽഡിഎഫ് നേതാക്കളിൽ ചിലരുടെ അഭിപ്രായം.
2019ൽ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിലുമധികം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് സമ്മാനിക്കണമെന്ന ആഗ്രഹത്തിലാണ് യുഡിഎഫ് പ്രചാരണരംഗത്ത് സജീവമായത്. ഓരോ നിയോജകമണ്ഡലത്തിലും എംപി, എംഎൽഎമാർക്ക് കോണ്ഗ്രസ് നേതൃത്വം പ്രചാരണച്ചുമതല നൽകി. കുറഞ്ഞത് അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം എന്ന ലക്ഷ്യവുമായി ബൂത്തുതലത്തിൽ ദിവസങ്ങൾ നീണ്ട പ്രവർത്തനമാണ് യുഡിഎഫ് നടത്തിയത്.
കുടുംബയോഗങ്ങളിൽ വലിയ പങ്കാളിത്തമാണുണ്ടായത്. പ്രിയങ്കയും രാഹുലും പങ്കെടുത്ത റോഡ് ഷോകളും കോർണർ യോഗങ്ങളും സ്ത്രീകൾ അടക്കമുള്ള യുഡിഎഫ് പ്രവർത്തകർ വൻ വിജയമാക്കിയിരുന്നു.
എന്നാൽ, റോഡ് ഷോകളിലും മറ്റും പ്രകടമായ ആവേശം വോട്ടെടുപ്പിൽ കാണാനായില്ലെന്നു സമ്മതിക്കുന്നവർ കോണ്ഗ്രസ്-ലീഗ് നിരയിലുണ്ട്. സിപിഎം അണി-അനുഭാവി വോട്ടാണ് പോൾ ചെയ്യാത്തതിൽ അധികവുമെന്ന് പ്രിയങ്ക ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റും കെപിസിസി നിർവാഹകസമിതി അംഗവുമായ കെ.എൽ. പൗലോസ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 14,71,742 പേർക്കായിരുന്നു വോട്ട് അവകാശം.