ഇ.പിയുടെ ചാട്ടം ബിജെപിയിലേക്ക്: കെ. സുധാകരൻ
Thursday, November 14, 2024 1:00 AM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഭാഗം പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്നും സംഭവം ചർച്ചയായപ്പോൾ ഇ.പിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും പറയുന്നതു ശുദ്ധ അസംബന്ധമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കെ. സുധാകരൻ.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി വിജയൻ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് കാലത്തായിരുന്നു. കൊടുത്തതു തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സിപിഎമ്മിനു തിരിച്ചുകിട്ടുകയാണ്.
യാഥാർഥ്യം മനസിലാക്കി മുഖ്യമന്ത്രിയെ വിമർശിച്ച ഇ.പി. ജയരാജനെ അഭിനന്ദിക്കുകയാണ്- സുധാകരൻ പറഞ്ഞു.
ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനംപ്രതി കൂടുകയാണ്. സിപിഎമ്മിലും എല്‍ഡിഎഫിലും അമര്‍ഷവും പ്രതിഷേധവുമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. അതിനു തെളിവാണ് ഇപ്പോഴത്തെ സംഭവം. ഇപി ജയരാന് ഭാവിയിലും സിപിഎമ്മിൽ തുടരുമോ എന്നതിൽ സംശയമുണ്ട്.
ബിജെപിയിലേക്കു ചാടാനുള്ള നീക്കമാണു നടത്തുന്നത്. നേരത്തേ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നതും ഈ സമയത്ത് ഓർക്കണം.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇ.പിയുടെ ഉള്ളിലിപ്പോഴുമുണ്ട്. അതിന് പരിഹാരം കാണാതെ അദ്ദേഹം തൃപ്തനാകില്ല. പുസ്തക വിഷയത്തിൽ ഇ.പിയുടെയും സിപിഎമ്മിന്റെയും വിശദീകരണം ആരും വിശ്വസിക്കില്ല.
ഡിസി ബുക്സ് വിശ്വസ്ത സ്ഥാപനമാണ്. അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ ഡിസി ബുക്സ് കാര്യങ്ങള്‍ വിശദീകരിക്കണം.
പാലക്കാട്,വയനാട് എന്നിവിടങ്ങളിൽ യുഡിഎഫ് മികച്ച വിജയം നേടുകയും ചേലക്കര പിടിച്ചെടുക്കുമെന്നും സുധാകരൻ പറഞ്ഞു.