കല്പാത്തിയിൽ ദേവരഥങ്ങൾ പ്രയാണം തുടങ്ങി, രഥസംഗമം നാളെ
Thursday, November 14, 2024 1:57 AM IST
പാലക്കാട്: അഗ്രഹാരവീഥികളെ ധന്യമാക്കി കാശിയിൽപ്പാതി കല്പാത്തിയിൽ ദേവരഥങ്ങൾ പ്രയാണംതുടങ്ങി. രഥോത്സവത്തിന്റെ ഒന്നാംതേരുദിനമായ ഇന്നലെ തേരുവലിച്ച് പുണ്യംനുകരാനെത്തിയതു നൂറുകണക്കിനു ഭക്തജനങ്ങൾ. ഇന്നു രണ്ടാംതേരുത്സവവും നാളെ വൈകുന്നേരം സായന്തനസൂര്യനെ സാക്ഷിനിർത്തി കുണ്ടന്പലത്തെ തേരുമുട്ടിയിൽ രഥസംഗമവും നടക്കും.
ഇന്നലെ രാവിലെ 11നും പന്ത്രണ്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ വിശാലാക്ഷിസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലും, തുടർന്ന് അനുബന്ധക്ഷേത്രങ്ങളിലും രഥാരോഹണം നടന്നു. ഒന്നാം തേരുനാളായ ഇന്നലെ വിശ്വനാഥസ്വാമികളുടെയും പരിവാരദേവതകളായ ഗണപതിയുടെയും സുബ്രഹ്മണ്യന്റെയും തേരുകളാണു പ്രയാണം തുടങ്ങിയത്.
കല്പാത്തിയിൽ ആദ്യമായാണ് രഥോത്സവവും തെരഞ്ഞെടുപ്പും ഒരേകാലത്തു വരുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടിപ്രവർത്തകർ തന്പടിച്ചതും പ്രചാരണം നടത്തുന്നതുമെല്ലാം ദൃശ്യമായിരുന്നു. രഥാരോഹണ, രഥപ്രയാണ സമയങ്ങളിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ മൂന്നു മുന്നണിസ്ഥാനാർഥികളും നേതാക്കളും പാർട്ടിനേതാക്കളും കല്പാത്തിയിലുണ്ടായിരുന്നു.
കനത്ത സുരക്ഷയോടെ ഹരിതചട്ടം പാലിച്ചാണ് ഇത്തവണയും രഥോത്സവം പുരോഗമിക്കുന്നത്. സുരക്ഷയ്ക്കായി ആയിരത്തിലധികം പോലീസുകാരെയും വിന്യസിച്ചുണ്ട്. കർശന ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.