വഖഫ് സ്റ്റേയിൽ 40 വർഷം; കാടുകയറി 97 സെന്റ് ഭൂമി
Wednesday, November 13, 2024 1:59 AM IST
ചാവക്കാട്: ചാവക്കാട് ബസ് സ്റ്റാൻഡിനു സമീപത്തു പ്രവാസി വാങ്ങിയ സ്ഥലത്തു വഖഫ് അവകാശമുന്നയിച്ചതിനെതുടർന്ന് 97 സെന്റ് ഭൂമി കാടുകയറി നശിക്കുകയാണ്.
പ്രവാസകാലത്തെ സമ്പാദ്യംകൊണ്ട് പാലയൂർ കണ്ടനത്ത് ഹംസ സ്ഥലംവാങ്ങി കെട്ടിടനിർമാണം ആരംഭിച്ചപ്പോഴാണ് വഖഫിന്റെ സ്റ്റേ.
1978 ൽ മാളിയേക്കൽ കുഞ്ഞിബാവയിൽനിന്നു വിലയ്ക്കുവാങ്ങിയ സ്ഥലത്തു നഗരസഭയുടെ അനുമതിയോടെ കെട്ടിടത്തിന്റെ തൂണുകൾ നിർമിച്ചുതുടങ്ങിയതോടെയാണ് വിലക്കു വന്നത്.
ട്രൈബ്യൂണലിൽ നടന്നുകൊണ്ടിരിക്കുന്ന കേസിൽ 2018 ൽ ഹൈക്കോടതി ഇടപെട്ടു. ഹംസയുടെ പരാതിയിൽ നിലവിലുള്ള അവസ്ഥ തുടരാൻ ഹൈക്കോടതി ഉത്തരവായി.
40 വർഷമായി തുടരുന്ന നിയമയുദ്ധത്തിൽ പ്രവാസിയുടെ സ്വപ്നം മുഴുവൻ തുരുമ്പിച്ചു. ബസ് സ്റ്റാൻഡിനുസമീപം പാലയൂർ റോഡിൽ കണ്ണായ സ്ഥലം ഒന്നിനും ഉപയോഗപ്പെടുത്താനാവാതെ കിടക്കുകയാണിപ്പോൾ.