തൃശൂർ മെഡി. കോളജിൽ ആരോപണവിധേയനെ മേധാവിയാക്കി സര്‍ക്കാര്‍ ഉത്തരവ്
Thursday, November 14, 2024 1:57 AM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒഴിഞ്ഞുകിടന്നിരുന്ന ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായി ആരോപണവിധേയനായ ഡോ. ബിജു കൃഷ്ണനെ വീണ്ടും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
നിലവില്‍ കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം പ്രഫസറായിരുന്നു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വികസനഫണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും, നിയമം ലംഘിച്ച് കൊല്ലങ്ങളായി വീടിനോടുചേര്‍ന്നു പ്രത്യേക പരിശോധനാമുറിയൊരുക്കി പ്രാക്ടീസ് നടത്തിയെന്നുമാണ് ഇദ്ദേഹത്തിനെതിരേ ആരോപണമുണ്ടായിരുന്നത്. തുടര്‍നടപടികളുടെ ഭാഗമായി സൂപ്രണ്ട് സ്ഥാനം രാജിവയ്ക്കുകയും സ്ഥലംമാറ്റുകയുമായിരുന്നു.
ഇദ്ദേഹം സൂപ്രണ്ടായിരുന്ന കാലത്തെ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 90 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുനടന്നതായാണ് കണ്ടെത്തിയത്. എച്ച്ഡിഎസ് കൗണ്ടറുകള്‍വഴി വിവിധ സേവനങ്ങള്‍ക്കായി രോഗികളില്‍നിന്ന് ഈടാക്കിയിരുന്ന തുകയില്‍നിന്ന് തട്ടിപ്പുനടത്തിയത് അക്കാലത്താണ്.
സംഭവത്തിൽ വികസനസമിതിയുടെ ചുമതല ഉണ്ടായിരുന്ന ഒരു താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും രണ്ടുപേരെ സ്ഥലംമാറ്റുകയും മാത്രമാണ് നടപടിയുണ്ടായത്.