വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ പി. ജയരാജനും എം.ടി. രമേശും സന്ദർശിച്ചു
Wednesday, November 13, 2024 1:59 AM IST
മാനന്തവാടി: തലപ്പുഴയിൽ വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് എന്നിവർ സന്ദർശിച്ചു. നോട്ടീസിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായും ജയരാജൻ കുടുംബങ്ങൾക്ക് ഉറപ്പുനൽകി.
വഖഫ് ബോർഡ് നടപടികളെ ബിജെപി നേരിടുമെന്നും മുനന്പം മോഡൽ സമരത്തിനു ജില്ലയിൽ പാർട്ടി നേതൃത്വം നൽകുമെന്നും രമേശ് വ്യക്തമാക്കി. വ്യത്യസ്ത സമയങ്ങളിലാണു കുടുംബങ്ങളെ സിപിഎം, ബിജെപി നേതാക്കൾ കണ്ടത്.
തലപ്പുഴയിൽ പി.പി. ഹൗസിൽ വി.പി. സലിം, ഫൈസി ഹൗസിൽ സി.വി. ഹംസ ഫൈസി, അറഫ ഹൗസിൽ ജമാൽ, കുത്തുപറന്പ് മാങ്ങാട്ടിടം ഉക്കാടൻ റഹ്മത്ത്, പുതിയിടം ആലക്കണ്ടി രവി എന്നിവർക്കാണ് വഖഫ് ബോർഡ് നോട്ടീസ് ലഭിച്ചത്.
ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് മോസ്ക് കമ്മിറ്റി ഭാരവാഹികളുടെ പരാതിയിലാണു ബോർഡിന്റെ നോട്ടീസ്. തവിഞ്ഞാൽ പഞ്ചായത്തിലെ തിണ്ടുമ്മലിൽ സർവേ 47/1, 45/1 നന്പറുകളിലുള്ള 5.77 ഏക്കറിലാണ് നോട്ടീസ് ലഭിച്ച കുടുംബങ്ങളുള്ളത്.