റേഷന്‍ സാധനങ്ങളുടെ വിതരണം : കരാറുകാരുടെ കുടിശിക 100 കോടിക്കു മുകളില്‍
Thursday, November 14, 2024 1:00 AM IST
കൊച്ചി: റേഷന്‍ വിതരണത്തിനായി സാധനങ്ങള്‍ എത്തിച്ച കരാറുകാര്‍ക്കു കുടിശിക നല്‍കാതെ സിവില്‍ സപ്ലൈസ് വകുപ്പ്. സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളിലും സാധനങ്ങള്‍ എത്തിച്ച ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനാണ് 100 കോടിക്കു മുകളില്‍ തുക കുടിശികയുള്ളത്.
കഴിഞ്ഞ നാലുമാസമായി സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല. പ്രതിമാസം 16 മുതല്‍ 20 കോടി രൂപ വരെയാണു കുടിശിക വന്നിട്ടുള്ളത്. ഇതിനു പുറമേ 2023 ജനുവരി മുതലുള്ള 10 ശതമാനം തുക ഓഡിറ്റിംഗ് പൂര്‍ത്തിയാകാത്തതുമൂലം കിട്ടാനുമുണ്ട്. ഇതോടെയാണു കുടിശിക പെരുകി 100 കോടിക്കു മുകളിലെത്തിയത്.
കുടിശിക പെരുകിയതോടെ മുന്നോട്ടുപോകാനാകില്ലെന്നു ചൂണ്ടിക്കാട്ടി കരാറുകള്‍ കഴിഞ്ഞ നാലു മുതല്‍ നിശബ്ദ സമരത്തിലായിരുന്നു. പ്രതിസന്ധി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായില്ലെന്ന് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് ആരോപിച്ചു.
പ്രതിമാസം എട്ടു കോടിയാണ് അസോസിയേഷന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കുന്നത്.
കുടിശിക പെരുകിയതോടെ ഇതിന്റെ 65 ശതമാനവും അസോസിയേഷന് ക്ഷേമനിധി ബോര്‍ഡില്‍ അടയ്ക്കാനുണ്ട്. തൊഴിലാളികളെ വിട്ടുതരേണ്ടതില്ലെന്നു ക്ഷേമനിധി ബോര്‍ഡിനെ അറിയിച്ചിട്ടും ഫലമില്ലെന്നും അസോസിയേഷന് വ്യക്തമാക്കി. നിലവില്‍ ഓഗസ്റ്റ് വരെയുള്ള കുടിശികയുടെ 25 ശതമാനം മാത്രമാണ് അനുവദിച്ചിട്ടുളളത്.
പണം ലഭിക്കാതെ റേഷന്‍ സാധനങ്ങള്‍ ഇനിയും വിതരണം ചെയ്യാനാകില്ലെന്ന നിലപാടിലാണ് കരാറുകാര്‍. സംസ്ഥാനത്തെ ഒട്ടുമിക്ക റേഷന്‍ വിതരണ കേന്ദ്രങ്ങളിലും സാധനങ്ങളുടെ കുറവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.