മുനന്പത്ത് നീതി വൈകരുത്: മാർ പാംപ്ലാനി
Thursday, November 14, 2024 1:57 AM IST
മുനമ്പം: ഭൂമിയുടെ അവകാശങ്ങൾക്കായി സമരരംഗത്തുള്ള മുനന്പം നിവാസികൾക്കു നീതി ലഭ്യമാക്കാൻ വൈകരുതെന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നലെ മുനമ്പം സമരപ്പന്തല് സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പാംപ്ലാനി.
നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങൾക്കുവേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തിൽ സങ്കടകരമാണ്. മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയർത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ല. മുനന്പത്തെ പോരാട്ടം കേരളചരിത്രത്തിലെ നിർണായകമായ അധ്യായമാണെന്നും മാർ പാംപ്ലാനി പറഞ്ഞു.
റവ. ഡോ. ഫിലിപ്പ് കവിയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഫിലിപ്പ് വെളിയത്ത്, ഫാ. അഖിൽ മുക്കുഴി, ജോയൽ പുതുപറമ്പിൽ, അബിൻ വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.
റിലേ നിരാഹാരസമരത്തിന്റെ 32-ാം ദിനമായ ഇന്നലെ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിൻസന്റ്, ഷാലറ്റ് അലക്സാണ്ടർ, ജെയിംസ് ആന്റണി, കുഞ്ഞുമോൻ ആന്റണി എന്നിവർ നിരാഹാരമിരുന്നു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, മുൻ മന്ത്രിമാരായ ഡൊമിനിക് പ്രസന്റേഷൻ, കെ.പി. രാജേന്ദ്രൻ, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ ഐക്യദാർഢ്യവുമായി സമരപ്പന്തലിലെത്തി.
“വിഷയം പരിഹരിക്കുന്നതിൽ വീഴ്ച”
മുനന്പം വിഷയം ബിജെപി മുതലെടുക്കാൻ ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഇടതു, വലതു മുന്നണികൾക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നു വ്യക്തമാണെന്നു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
മുതലെടുപ്പിന് ആരെങ്കിലും ശ്രമിക്കുന്നുവെന്നു മുൻകൂട്ടി മനസിലാക്കി ഇവിടത്തെ ജനതയ്ക്കു നീതി നടപ്പാക്കി നൽകേണ്ടിയിരുന്ന ഇരു മുന്നണികൾക്കും വീഴ്ച സംഭവിച്ചതിലെ കുറ്റസമ്മതമായാണ് അത്തരം ആക്ഷേപത്തെ കാണുന്നത്.
ഒരു ജനതയുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമാണു മുനന്പത്തു നടക്കുന്നത്. മുനന്പം സമരത്തെ വർഗീയതയുടെ കണ്ണുകളോടെ കാണാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രസ്താവന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന മന്ത്രി അബ്ദുറഹ്്മാനിൽനിന്നു പ്രതീക്ഷിക്കുന്നതല്ല. തെറ്റിദ്ധാരണ പരത്തിയ മന്ത്രിയുടെ പ്രസ്താവന ആരെങ്കിലും പറയിപ്പിച്ചതാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം.
മുനന്പം ജനതയ്ക്കു നീതി നടപ്പാക്കിക്കൊടുക്കുന്നതിൽനിന്നു സർക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളുണ്ടെങ്കിൽ അതിൽ വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും മാർ പാംപ്ലാനി മുനന്പത്തു മാധ്യമങ്ങളോടു പറഞ്ഞു.