കരിന്പന കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി
Thursday, November 14, 2024 1:00 AM IST
കൂത്താട്ടുകുളം: കരിന്പനയിലെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അന്പൂരി ആനന്ദഭവൻ രാധാകൃഷ്ണനെ (ബിനു-47) കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് തെങ്കാശി സ്വദേശിയായ നാഗാർജുൻ കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസാണ് വിധിച്ചത്.
2023 മേയ് 30നാണ് കേസിനാസ്പദമായ സംഭവം. രാധാകൃഷ്ണനും നാഗാർജുനും കരിന്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. പ്രതി തന്റെ കിടപ്പുമുറിയോടൊപ്പം ഉപയോഗിച്ചു വന്നിരുന്ന ശുചിമുറി രാധാകൃഷ്ണൻ ഉപയോഗിക്കുന്നതിലും മദ്യപിച്ച് വഴക്കു കൂടുന്നതിലുമുള്ള വിരോധമാണ് കൊലപാതകത്തിനു കാരണം.
സംഭവദിവസം മുറിയിൽ ഉറങ്ങുകയായിരുന്ന രാധാകൃഷ്ണനെ പ്രതി ഇരുന്പ് പൈപ്പുകൊണ്ട് പല പ്രാവശ്യം ആഞ്ഞടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി വിധിച്ചത്.
കൂത്താട്ടുകുളം പോലീസ് ഇൻസ്പെക്ടർ ഡി.എസ്. ഇന്ദ്രരാജ് അന്വേഷിച്ച കേസിൽ ഇൻസ്പെക്ടർ പി.ജെ. നോബിളാണ് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.