സർക്കാരിനെക്കുറിച്ച് സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മോശം അഭിപ്രായം: സതീശൻ
Thursday, November 14, 2024 1:00 AM IST
പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാരിനെക്കുറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയിലുള്ള മോശമായ അഭിപ്രായമാണ് ഇ.പി. ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
സിപിഎമ്മിലെ വലിയൊരു വിഭാഗം സഖാക്കള്‍ ഈ സര്‍ക്കാരിനെതിരേ ശക്തമായ നിലപാടാണെടുത്തുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ എതിര്‍പ്പ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തും കണ്ടതാണ്. ബിജെപിയില്‍ സ്ഥാനാര്‍ഥിത്വം ചോദിച്ചുപോയ ആളെ പാലക്കാട് സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മില്‍ കലാപമാണെന്നു പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഇ.പി. ജയരാജന് ആത്മകഥയിലൂടെ പറഞ്ഞിരിക്കുന്നത്.
ഇരുട്ടിവെളുക്കുന്നതിനുമുന്പ് മറുകണ്ടംചാടിയ ആളെ സ്ഥാനാർഥിയാക്കിയതു പാലക്കാട്ടുമാത്രമല്ല, ചേലക്കരയിലെ വിജയസാധ്യതയെയും ബാധിക്കുമെന്നാണു ജയരാജൻ പറഞ്ഞിരിക്കുന്നത്.
മറുകണ്ടംചാടിയ അവസരവാദിയെയാണു സിപിഎം സ്ഥാനാര്‍ഥിയാക്കിയതെന്നു സിപിഎം ഉന്നതനേതാക്കള്പോലും പരാതിപ്പെടുകയാണ്. സിപിഎമ്മിലെതന്നെ ഒരുസംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരേ സതീശൻ
പാലക്കാട്: തെരഞ്ഞെടുപ്പ് തുടങ്ങിയ അന്നുമുതല്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണെന്നു വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പുതുതായി വോട്ടുചേര്ത്തിരിക്കുന്ന വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്നാണ് അയാള്‍ പറയുന്നത്. പോലീസ് അയാള്‍ക്കെതിരേ കേസെടുക്കണം.
വോട്ടര്‍മാരെ തടയുമെന്നു ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞാല്‍ ജാമ്യമില്ലാത്ത കേസെടുത്ത് അയാളെ ജയിലില്‍ അടയ്ക്കണം.
എല്ലാവരും വോട്ടുചെയ്യണമെന്നു തെരഞ്ഞെടുപ്പുകമ്മീഷന് അഭ്യര്‍ഥിക്കുമ്പോഴാണ് വോട്ടുചെയ്യാന്‍ വരരുതെന്ന ഭീഷണി. ഇതിനെതിരേ തെരഞ്ഞെടുപ്പുകമ്മീഷനു യുഡിഎഫ് പരാതിനല്‍കും.
എല്ലാ രേഖകളും ഇലക്ഷന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബിഎല്‍ഒമാര്‍ വീടുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയശേഷമാണ് വോട്ടുചേര്‍ക്കുന്നത്. ആറായിരം പേരുടെ വോട്ട് ചേര്‍ത്തതിലെ അസ്വസ്ഥതയാണു സിപിഎം സെക്രട്ടറി പ്രകടിപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു.