കേരള സ്കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം: നിയമ നടപടികളിലേക്ക് നീങ്ങാന്‍ സ്കൂളുകള്‍
Wednesday, November 13, 2024 1:58 AM IST
കൊച്ചി: ഒളിമ്പിക് മാതൃകയില്‍ നടന്ന ആദ്യ കേരള സ്കൂള്‍ കായികമേളയില്‍ സ്കൂള്‍ ചമ്പ്യന് പട്ടം വിതരണം ചെയ്തതിലെ വിവാദം അവസാനിക്കുന്നില്ല. അനര്‍ഹര്‍ക്ക് റണ്ണേഴ്സ് അപ്പ് ട്രോഫി നല്‍കിയെന്ന് ആരോപിച്ച് സംഘാടകര്‍ക്കെതിരേ കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് ആലോചനയിലാണ് കോതമംഗലം മാർ ബേസില്‍ സ്കൂള്‍.
തഴയപ്പെട്ട മറ്റൊരു സ്കൂളായ മലപ്പുറം തിരുനാവായ നവാമുകുന്ദയും ഇതേ നിലപാടിലേക്കാണ് നീങ്ങുന്നതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ന് വ്യക്തതയുണ്ടാകും.
നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ടീമിന്റെ പ്രാഥമിക ആലോചന. അതേസമയം നവാമുകുന്ദ കോടതിയെ സമീപിച്ചാല്‍ അവര്‍ക്കൊപ്പം കക്ഷി ചേരാനാണ് കോതമംഗലം മാര്‍ ബേസില്‍ ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് മാര്‍ ബേസില്‍ സ്കൂളിലെ കായിക വിഭാഗം മേധാവി ഷിബി മാത്യു പറഞ്ഞു.
സ്ഥാനങ്ങള്‍ തഴഞ്ഞതിന്റെ പേരില്‍ കുട്ടികളെ ദേശീയ മീറ്റുകളില്‍ പങ്കെടുപ്പിക്കാതിരിക്കാനുള്ള നീക്കം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു. ഒരാഴ്ച നീണ്ട മത്സരങ്ങള്‍ക്കൊടുവില്‍ 11ന് നടന്ന സമ്മാനദാനത്തിനിടെയായിരുന്നു സംഭവം.
84 പോയിന്റോടെ സ്കൂള്‍ ഓവറോള്‍ കിരീടം കടകശേരി ഐഡിയല്‍ സ്കൂള്‍ നിലനിര്‍ത്തി. ഇവര്‍ക്ക് സമാപന വേദിയില്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി കൈമാറി. 44 പോയിന്റുള്ള മലപ്പുറത്തെ തന്നെ തിരുനാവായ നവാമുകുന്ദാ എച്ച്എസ്എസിനായിരുന്നു പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം.
എന്നാല്‍ ഓവറോള്‍ കണക്കില്‍ സ്പോര്‍ട്സ് സ്കൂളുകളെ പരിഗണിച്ചതോടെ രണ്ടാം സ്ഥാനം തിരുവനന്തപുരം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിന്റെ പേരിലായി. 55 പോയിന്റാണ് ജി.വി. രാജാ സ്കൂളിനുണ്ടായിരുന്നത്.
മൂന്നാം സ്ഥാനക്കാരെയാണ് ആദ്യം ട്രോഫി വാങ്ങാന്‍ വേദിയിലേക്ക് ക്ഷണിച്ചത്. നവാമുകുന്ദ സ്കൂളിന്റെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ സംഘാടകര്‍ക്ക് തെറ്റുപറ്റിയെന്ന ധാരണയിലായിരുന്നു അധ്യാപകരും താരങ്ങളും. ഇക്കാര്യം ഡിഡിഇയെ അവര്‍ അറിയിച്ചു.
ഡിഡിഇയാണ് തിരിച്ചുവന്ന് ജി.വി. രാജ സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പരിഗണിച്ച കാര്യം ഇവരെ അറിയിക്കുന്നത്. ഇതോടെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനുപുറമേ 43 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോതമംഗലം മാർബേസില്‍ സ്കൂളും പ്രതിഷേധത്തില്‍ പങ്കുചേരുകയായിരുന്നു.