"വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല'
Wednesday, November 13, 2024 1:59 AM IST
കൊച്ചി: 2013ലെ വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് നിയമഭേദഗതി പ്രാബല്യത്തിലാകുംമുമ്പ് വഖഫ് ഭൂമി കൈവശം വച്ചതിന്റെ പേരിൽ വ്യക്തികൾക്കെതിരേ പ്രോസിക്യൂഷൻ നടപടി സാധ്യമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോഴിക്കോട് മേരിക്കുന്നിലുള്ള പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത് വഖഫ് ഭൂമിയിലാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ പോസ്റ്റ് ഓഫീസിനായി ഭൂമി കൈവശം വച്ചുവെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് കെ. സുകുമാരൻ, സബ് പോസ്റ്റ് മാസ്റ്റർ കെ. പ്രേമ എന്നിവർക്കെതിരേയായിരുന്നു കേസ്. 1999 മുതൽ പോസ്റ്റ് ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വഖഫ് നിയമപ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാമെങ്കിലും 2013 നു മുമ്പുള്ളവയുടെ കാര്യത്തിൽ പ്രോസിക്യൂഷന് അനുമതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കേസ് റദ്ദാക്കിയത്.
വഖഫ് ഭൂമിയുടെ അനധികൃത കൈയേറ്റക്കാർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി പ്രോസിക്യൂഷന് വിധേയമാക്കാൻ അനുമതി നൽകുന്ന നിയമഭേഭഗതിയിലെ 52എ വകുപ്പ് നിലവിൽ വന്നതു 2013 ലാണെന്നു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.
1999 ഒക്ടോബറിലാണ് ജെഡിടി ഇസ്ലാം ഓർഫനേജ് കമ്മിറ്റിയിൽനിന്ന് ലീസായി കിട്ടിയ സ്ഥലത്ത് പോസ്റ്റ് ഓഫീസ് നിർമിച്ചത്. 1995ലെ ആക്ട് പ്രകാരം വഖഫ് ബോർഡ് പോസ്റ്റ് ഓഫീസ് അധികൃതർക്കെതിരേ കോടതിയിൽ ഹർജി നൽകുകയായിരുന്നു.
ഹർജിയിൽ കേസ് രജിസ്റ്റർ ചെയ്തു. വഖഫ് ഭൂമിയിലെ കൈയേറ്റമാണെന്ന വാദം അംഗീകരിച്ചാൽപോലും തങ്ങൾക്കെതിരേ വ്യക്തിപരമായ പ്രോസിക്യൂഷൻ നടപടി നിലനിൽക്കുന്നതല്ലെന്നു പോസ്റ്റ് ഓഫീസ് അധികൃതർ ഹൈക്കോടതിയിലെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.