എഡിഎം കേസ്: കണ്ണൂർ വിജിലൻസ് സിഐക്കു സ്ഥലമാറ്റം
Wednesday, November 13, 2024 1:59 AM IST
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണമുയർന്ന കണ്ണൂർ വിജിലൻസ് സിഐയെ സ്ഥലം മാറ്റി.
ബിനു മോഹനനെയാണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് ഉയർന്ന ബിനാമി ഇടപാടിൽ ബിനു മോഹനനും പങ്കുണ്ടെന്ന ആരോപണം യൂത്ത് കോൺഗ്രസും കോൺഗ്രസും ബിജെപിയും ഉന്നയിച്ചിരുന്നു.
ബിനു മോഹൻ വിജിലൻസിലിരുന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പന്പുടമ പ്രശാന്തിനെതിരേയുള്ള അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ജില്ലാ പഞ്ചായത്തിലെ കോടിണക്കണക്കിനു രൂപയുടെ കരാറുകൾ നല്കിയ കന്പനിയുടെ ഡയറക്ടർ വിജിലൻസ് സിഐയുടെ സഹോദരനാണെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും ആരോപിച്ചിരുന്നു. ഇതിനിടെയാണ് ബിനു മോഹനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങിയത്. ന്യൂ മാഹി സിഐയായിരുന്ന സി. ഷാജുവാണു പുതിയ വിജിലൻസ് സിഐ.
ഇതിനിടെ, സ്ഥലമാറ്റത്തെക്കുറിച്ച് പരിഹാസമായാണ് സോഷ്യൽ മീഡിയയിൽ ബിനു മോഹൻ പോസ്റ്റിട്ടത്. "പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാൻ പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തിൽ ചെളി പറ്റും.
പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും..'എന്ന ബർണാർഡ് ഷായുടെ വരികളാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ രണ്ടു മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.