വയനാട്ടിൽ പോളിംഗ് 64.72 %, ചേലക്കരയിൽ 72.77%
Thursday, November 14, 2024 1:57 AM IST
വയനാട്/ചേലക്കര: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ഗണ്യമായി കുറഞ്ഞു. 64.72 ശതമാനം പേരാണ് വയനാട്ടിൽ വോട്ട് ചെയ്തത്.
അതേസമയം, ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 72.77 ശതമാനം പേരാണു വോട്ട് ചെയ്തത്. അന്തിമകണക്ക് വരുന്പോൾ പോളിംഗിൽ വർധനയുണ്ടാകും. ഏപ്രിലിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വയനാട്ടിൽ 74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
14 ലക്ഷം വോട്ടർമാരാണു മണ്ഡലത്തിലുള്ളത്. 2019ൽ വയനാട്ടിൽ 80 ശതമാനത്തിലേറെയായിരുന്നു പോളിംഗ്. രാവിലെ വോട്ടർമാരുടെ നീണ്ട ക്യൂ പല ബൂത്തുകളിലും ദൃശ്യമായിരുന്നെങ്കിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി.
എട്ടു മണിക്കൂർകൊണ്ടാണ് 50 ശതമാനം കടന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വംകൊണ്ട് ദേശീയശ്രദ്ധ നേടിയ മണ്ഡലമാണ് വയനാട്. സിപിഐയിലെ സത്യൻ മൊകേരിയാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് ആണ്.
2021നെ അപേക്ഷിച്ച് കുറവാണെങ്കിലും ചേലക്കരയിൽ ഇത്തവണ ഭേദപ്പെട്ട പോളിംഗ് ഉണ്ടായി. യുഡിഎഫിലെ രമ്യ ഹരിദാസ്, എൽഡിഎഫിലെ യു.ആർ. പ്രദീപ്, ബിജെപിയിലെ കെ. ബാലകൃഷ്ണൻ എന്നിവർ തമ്മിലാണ് ചേലക്കരയിലെ മുഖ്യ പോരാട്ടം.