ശബരിമല നട നാളെ തുറക്കും
Thursday, November 14, 2024 1:00 AM IST
ശബരിമല: മണ്ഡലകാല തീർഥാടനത്തിനു തുടക്കംകുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നന്പൂതിരി നട തുറന്ന് ദീപം തെളിക്കും.
നട തുറന്നശേഷം പതിനെട്ടാംപടിക്കു താഴെ ആഴി തെളിക്കുന്നതോടെ ഭക്തരുടെ പടികയറ്റം തുടങ്ങും. നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരായിരിക്കും ആദ്യം പതിനെട്ടാംപടി കയറുക.
മണ്ഡലവ്രതാരംഭമായ 16നു പുലർച്ചെ മൂന്നിനു നട തുറക്കും. ഡിസംബർ 26നാണ് മണ്ഡലപൂജ. എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറന്ന് ഉച്ചപൂജയ്ക്കുശേഷം ഒന്നിന് അടയ്ക്കും.
ആറന്മുളയിൽ നിന്നുമെത്തിക്കുന്ന തങ്കയങ്കി ചാർത്തി ഡിസംബർ 26നു വൈകുന്നേരം 6.30ന് മണ്ഡലപൂജ നടക്കും. അന്നു രാത്രി അടയ്ക്കുന്ന നട പിന്നീട് ഡിസംബർ 30നു വൈകുന്നേരം മകരവിളക്ക് തീർഥാടനത്തിനായി തുറക്കും.
ജനുവരി 11ന് എരുമേലി പേട്ടതുള്ളലും 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്രയും 13ന് പന്പവിളക്ക്, പന്പസദ്യ എന്നിവയും നടക്കും. 14നാണ് മകരവിളക്ക്. തീർഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20നാണ് നട അടയ്ക്കുന്നത്.