മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു
Wednesday, November 13, 2024 1:59 AM IST
കോഴിക്കോട്: മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി. പത്മ (81) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മകള്‍ ബിന്ദുവിനൊപ്പം കുറെനാളുകളായി മുംബൈയിലായിരുന്നു താമസം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2. 30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.
നാളെ രാവിലെ 11ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്കരിക്കും. എം.ടി. പത്മയോടുള്ള ആദരസൂചകമായി ജില്ലയിലെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും സംസ്കാരചടങ്ങുവരെ മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.
സംസ്ഥാനത്തെ മൂന്നാമത്തെ വനിതാ മന്ത്രിയായിരുന്ന എം.ടി. പത്മ കോഴിക്കോട് ലോ കോള ജില് പഠിക്കുമ്പോള്‍ കെഎസ് യുവിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ അടുത്ത അനുയായിയായിരുന്നു.
1987ലും 1991ലും കൊയിലാണ്ടിയില്നിന്ന്നിയമസഭയിലെത്തി. 1991ല്‍ കെ. കരുണാകരന് മന്ത്രിസഭയിലും തുടര്‍ന്നുവന്ന എ.കെ. ആന്റണി മന്ത്രിസഭയിലും ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രിയായി.
പരേതരായ കണ്ണൂര്‍ മുണ്ടൂക്ക് എ. ഗോവിന്ദന്റെയും സി.ടി. കൗസല്യയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ രാധാകൃഷ്ണന്. മക്കള്‍: ബിന്ദു രാധാകൃഷ്ണന് (റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ലീഗല്‍ അഡ്വൈസര്‍), അര്ജുന് രാധാകൃഷ്ണന് (യുഎസ്എ). മരുമക്കള്‍: ഒ.പി. ശശിധരന് (റിട്ട.ടെലികോം), അസ്വിത (ഓക്സ്ഫഡ് യൂണിവേഴ്സിറ്റി). സഹോദരങ്ങള്‍: ചന്ദ്രമതി (അധ്യാപിക), പരേതരായ സുശീല, സതി, ഭാനുമതി, എം.ടി. ജയലക്ഷ്മി (മുന്‍ പ്രിന്‍സിപ്പല്‍, ചേളന്നൂര്‍ എസ്എന്‍ജി കോളജ്).
പത്മയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ അനുശോചിച്ചു.