ബ്രഹ്മപുരം അഴിമതി: പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളി
Wednesday, November 13, 2024 1:58 AM IST
തിരുവനന്തപുരം: ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസിൽ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികളുടെ വിടുതൽ ഹർജി തള്ളി. കേസിലെ അഞ്ചാം പ്രതിയായ മുൻമന്ത്രി സി.വി. പദ്മരാജനു കോടതി നോട്ടീസ് അയച്ചു.
വിചാരണ നടത്തിയാൽ മാത്രമേ പ്രതികൾക്കെതിരേ തെളിവുകൾ ഇല്ലെന്നു കണ്ടെത്താൻ കഴിയൂ എന്നും പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന പ്രതിഭാഗം വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെതാണ് ഉത്തരവ്.
മുൻ കെഎസ്ഇബി ചെയർമാൻ വൈ.ആർ. മൂർത്തി, ആർ. ശിവദാസൻ, ജെ. ബെട്രാം നെറ്റോ, ജനാർദനൻ പിള്ള, എം.കെ. പരമേശ്വരൻ നായർ, ജി. കൃഷ്ണകുമാർ എന്നിവർ നൽകിയ വിടുതൽ ഹർജിയാണ് കോടതി തള്ളിയത്. ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസിൽ മൊത്തം 12 പ്രതികളാണുള്ളത്.
1991 ൽ അധികാരത്തിൽ വന്ന യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റിലേക്കു ഫ്രഞ്ച് കന്പനിയായ എസ്ഇഎംടി പിൽസ്റ്റിക്കിൽ നിന്ന് ഉയർന്ന വിലയ്ക്കു നാലു ഡീസൽ ജനറേറ്ററുകൾ വാങ്ങിയതിലാണ് അഴിമതി. 1993 ഡിസംബർ 14ന് ഒപ്പവച്ച കരാർ പ്രകാരം സർക്കാർ ഖജനാവിന് നാലരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചു എന്നാണ് വിജിലൻസ് കേസ്.