വയനാടും ചേലക്കരയും ഇന്നു വിധിയെഴുതും
Wednesday, November 13, 2024 1:59 AM IST
കൽപ്പറ്റ/ചേലക്കര: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയശ്രദ്ധ ആകർഷിച്ച വയനാട്ടിൽ 14,71,742 പേർക്കാണ് വോട്ടവകാശം. എൽഡിഎഫിലെ സത്യൻ മൊകേരി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ. ആകെ 16 സ്ഥാനാർഥികൾ.
പരമാവധി വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 73.48 ശതമാനമായിരുന്നു പോളിംഗ്.
മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1,354 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 11 ബൂത്തുകൾ പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെ വെബ്കാസ്റ്റിംഗ് ഉൾപ്പെടെ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അന്തർസംസ്ഥാന സേനയെയും അന്തർജില്ലാ സേനയെയും വിന്യസിച്ചിട്ടുണ്ട്. എൻസിസി, എസ്പിസി തുടങ്ങി 2,700 പോലീസ് അധികസേനയും ജില്ലയിലുണ്ട്.
180 ബൂത്തുകളാണ് വോട്ടെടുപ്പിനായി ചേലക്കരയിൽ സജ്ജമാക്കിയിട്ടുള്ളത്. റിസർവ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീ നുകളുൾപ്പടെ ആകെ 236 ഇവിഎമ്മുകൾ ക്രമീകരിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെതന്നെ വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് പറഞ്ഞു.
കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം ആശ്രമം സ്കൂളിലെ 25-ാംനമ്പർ ബൂത്തിലാണ് പ്രദീപിനു വോട്ട്.
തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം രാവിലെ ഏഴിനുതന്നെ വോട്ട് രേഖപ്പെടുത്തുമെന്നു ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ പറഞ്ഞു. പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലാണ് ബാലകൃഷ്ണനു വോട്ട്.