സുജിത് ദാസിനെതിരായ പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
Thursday, November 14, 2024 1:57 AM IST
കൊച്ചി: മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനു നിര്‍ദേശം നല്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവും ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സിഐ വിനോദ് വലിയാറ്റൂര്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
വീട്ടമ്മയുടെ പരാതിയില്‍ പത്തു ദിവസത്തിനകം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിയമപരമായ തീരുമാനമെടുക്കണമെന്നായിരുന്നു ഒക്ടോബര്‍ 18ലെ സിംഗിള്‍ ബെഞ്ച് ഉത്തരവ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു പൊന്നാനി പോലീസിനു നിര്‍ദേശം നല്കി ഒക്ടോബര്‍ 24നാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്.
നടപടിക്രമത്തിലെ അപാകതമൂലം സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് മനസിരുത്തിയുള്ളതല്ലെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നിര്‍ദേശം.
മേലുദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യംചെയ്യാതെ പരാതിക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നെന്ന ഹർജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതി നിലനില്‍ക്കേയാണു പരാതിക്കാരി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.