ഇ.പിയുടെ ആത്മകഥ: സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കുന്ന പരാമർശങ്ങൾ നിരവധി
Thursday, November 14, 2024 1:57 AM IST
തിരുവനന്തപുരം: ഇ.പി. ജയരാജന്റെ ആത്മകഥ എന്ന പേരിൽ പുറത്തു വന്ന പുസ്തകഭാഗങ്ങളിൽ സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കുന്ന നിരവധി പരാമർശങ്ങളാണുള്ളത്. എൽഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നു നീക്കം ചെയ്തതു പ്രയാസമുണ്ടാക്കി എന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പരാമർശമുണ്ട്.
പ്രകാശ് ജാവദേക്കർ തന്നെ വീട്ടിൽ വന്നു കാണുകയായിരുന്നു. കൂടിക്കാഴ്ച അഞ്ചു മിനിറ്റ് മാത്രമേ നീണ്ടുള്ളു. അതു വലിയ സംഭവമായി കണക്കിലെടുത്തില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പു ദിവസം ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാൽ അതു വലിയ വിവാദമാക്കി മാറ്റി. ഇടതുമുന്നണി കണ്‍വീനർ പദവി നഷ്ടപ്പെട്ടതിലല്ല വിഷമം. പാർട്ടി തന്നെ മനസിലാക്കാത്തതാണു പ്രയാസമായത്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തന്നെ മാറ്റാൻ തീരുമാനിച്ചത്. അതിനു മുന്‍പു നടന്ന താൻ പങ്കെടുക്കാത്ത യോഗത്തിൽ ഇതേക്കുറിച്ചു ചർച്ചയുണ്ടായി. കേന്ദ്ര കമ്മിറ്റി അംഗമായ തനിക്കെതിരായ നടപടി ആ ഫോറത്തിലാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്. അക്കാര്യം താൻ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
സാന്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട ബോണ്ട് വിവാദത്തേക്കുറിച്ചും വിശദമായി പറയുന്നു. പാർട്ടിയിലെ വിഭാഗീയതയാണ് ഇത്തരം കാൽപനികസൃഷ്ടികൾക്ക് ആക്കം കൂട്ടിയത്. വി.എസ്. അച്യുതാനന്ദൻ ഇത് തനിക്കെതിരായ ആയുധമായി ഉപയോഗിച്ചു.
അവസരവാദരാഷ്ട്രീയത്തേക്കുറിച്ചും പരാമർശമുണ്ട്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി. ഡോ. പി. സരിൻ തലേദിവസം വരെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെ വന്നപ്പോൾ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണമെന്നതു ശരി. ഇഎംഎസും ഈ നിലപാടുകാരനായിരുന്നു.
സ്വതന്ത്രർ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദർഭങ്ങളും നിരവധി. പി.വി. അൻവറിനെക്കുറിച്ചും പറയുന്നുണ്ട്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെക്കുറിച്ച് ഒരു അധ്യായം തന്നെയുണ്ട്.
അന്ന് കൂടിക്കാഴ്ച വിവാദം; ഇന്ന് ആത്മകഥാ വിവാദം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടന്ന ഏപ്രിൽ 26 ന് ഇ.പി. ജയരാജൻ തൊടുത്തു വിട്ട രാഷ്ട്രീയ ബോംബ് ആയിരുന്നു കേരളത്തിൽ നിറഞ്ഞു നിന്നത്. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടു എന്ന ജയരാജന്റെ പ്രസ്താവന അന്നേ ദിവസം സിപിഎമ്മിനെയും എൽഡിഎഫിനെയും വല്ലാതെ വെട്ടിലാക്കി.
ജയരാജന്റെ ആത്മകഥാ വിവാദം വരുന്നത് രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുദിവസം ആയത് യാദൃശ്ചികമാണോ എന്ന സംശയവും ഉയരുന്നുണ്ട്. ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ഇ.പി. ജയരാജൻ തന്നെ ആരോപിച്ചിട്ടുണ്ട്. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അത് വിവാദമാക്കി മാറ്റിയതും ആത്മകഥയിൽ വിശദീകരിച്ചിട്ടുമുണ്ട്.