മുനന്പം: പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
Wednesday, November 13, 2024 1:59 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പേരില്‍ മുനമ്പത്തെ പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. പരിഹാര നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത് പ്രശ്നങ്ങള്‍ വഷളാക്കാനും തത്പരകക്ഷികള്‍ക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനും മാത്രമേ ഉപകാരപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുനമ്പം സമരത്തിന് പിന്തുണ അര്‍പ്പിച്ച് കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, സന്നദ്ധ പ്രവര്‍ത്തകരും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ ഭൂമിയുടെ പേരിലുള്ള ഏറ്റവും വലിയ അവകാശം അവിടെ ജനിച്ചു ജീവിക്കുന്ന മനുഷ്യര്‍ക്കാണ്. കോടതി വ്യവഹാരത്തിലൂടെ തീരദേശ ജനതയെ ആജീവനാന്ത ആശങ്കയില്‍ നിലനിര്‍ത്തുവാന്‍ കഴിയില്ല. അവര്‍ നേരിടുന്ന പ്രശ്നത്തിന് ശാശ്വതമായ പരിഹാരവും അര്‍ഹമായ നീതിയും ലഭ്യമാകണം. അതിനായി സര്‍ക്കാര്‍ എത്രയും വേഗം നീതിപൂര്‍വമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡനവും വേദനയും അനുഭവിക്കുന്ന ജനസമൂഹത്തോട് ഐക്യപ്പെടുക എന്നത് ഏതൊരു മനുഷ്യസ്നേഹിയുടെയും കടമയാണെന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ് പറഞ്ഞു.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരം. സമരത്തിന് തിരുവനന്തപുരം മേജര്‍ അതിരൂപതയുടെയും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു. മുനമ്പത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇനി ഒരു നിമിഷം പോലും വൈകരുതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡിനെ അന്യായമായ അവകാശവാദങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാന് സര്‍ക്കാരിനു കഴിയണമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
മുനമ്പത്തെ പാവപ്പെട്ട ജനങ്ങളുടെ മണ്ണ് അവരുടേത് തന്നെയായിരിക്കുമെന്ന് ഉറപ്പാണെന്നും അതു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുപാട് കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. അതിനായി ഭൗതികവാദികളും ആത്മീയവാദികളും കൈകോര്‍ത്ത് നില്‍ക്കേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വിഷയത്തില്‍ താത്കാലിക നടപടികളല്ല ശാശ്വതമായ പരിഹാരമാണുണ്ടാകേണ്ടതെന്ന് തിരുവനന്തപുരം ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് പറഞ്ഞു. കെആര്‍എല്‍സിസി സെക്രട്ടറി ഫാ. തോമസ് തറയില്‍ വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, കെഎല്‍സിഡബ്ല്യുഎ തിരുവനന്തപുരം രൂപത പ്രസിഡന്റ് ജോളി പത്രോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ് പ്രതിനിധി പി.പി. വര്‍ഗീസ്, ലത്തീന്‍ അതിരൂപത ലെയ്റ്റി മിനിസ്ട്രി ഡയറക്ടര്‍ ഫാ. മൈക്കിള്‍ തോമസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി, കെഎല്‍സിഎ തിരുവനന്തപുരം രൂപത പ്രസിഡന്റ് പാട്രിക് മൈക്കിള്‍, എംസിഎ തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് റെജിമോന് വര്‍ഗീസ്, ഫാ. കുര്യന് ആലുങ്കല്‍ ഒസിഡി തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ. സജി എസ്ഡിബി സ്വാഗതവും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ് നന്ദിയും പറഞ്ഞു.