ഐഎഎസ് തലപ്പത്തെ കൂട്ടയടി നിയമപ്പോരിലേക്ക്
Wednesday, November 13, 2024 1:59 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കൂട്ടയടിയും ഇതേത്തുടർന്നുള്ള സർക്കാരിന്റെ സസ്പെൻഷൻ നടപടിയും ഇനി നിയമപോരാട്ടത്തിലേക്ക്.
അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ "ചിത്തരോഗി'യെന്നത് അടക്കമുള്ള വിമർശനം ഉന്നയിച്ചതിനെത്തുടർന്നു സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് നിയമനടപടിയിലേക്കു കടക്കുന്നു.
അകാരണമായുള്ള സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനാണ് പ്രശാന്തിന്റെ തീരുമാനം.
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ വ്യവസായ വകുപ്പു ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധ വളർത്താൻ ശ്രമിച്ച കെ. ഗോപാലകൃഷ്ണനെതിരേ പോലീസ് കേസെടുത്തില്ലെങ്കിൽ ഇതേ ആവശ്യം ഉന്നയിച്ചു കോണ്ഗ്രസ് നേതാവായ പരാതിക്കാരൻ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ആ കേസും നിയമക്കുരുക്കിലേക്കു നീങ്ങും.
തന്റെ സസ്പെൻഷനിലേക്കു നയിക്കാൻ കാരണമായ നടപടികളോ വിമർശനങ്ങളോ താൻ ഉന്നയിച്ചിട്ടില്ലെന്ന വാദമാണ് പ്രധാനമായും എൻ. പ്രശാന്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനു മുന്നിൽ ഉന്നയിക്കുക. സർക്കാരിനെയോ സർക്കാർ നയങ്ങളെയോ ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ താൻ വിമർശിച്ചിട്ടില്ല.
മേലുദ്യോഗസ്ഥരെ വ്യക്തിപരമായി വിമർശിച്ചിട്ടില്ല. മേലുദ്യോഗസ്ഥനായ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ തെറ്റായ നടപടികളെക്കുറിച്ചുള്ള അഭിപ്രായപ്രകടനം മാത്രമാണ് സമൂഹമാധ്യമങ്ങൾ വഴി നടത്തിയത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ സിവിൽ സർവീസ് ചട്ടത്തിൽ വിമർശിച്ചിട്ടില്ല.
ഉന്നതി ഡയറക്ടറായിരിക്കേ തനിക്കെതിരേ അഡീഷണൽ ചീഫ് സെക്രട്ടറിയായ എ. ജയതിലക് മുഖ്യമന്ത്രിക്കു സമർപ്പിച്ച കോണ്ഫിഡൻഷൽ റിപ്പോർട്ടുകൾ, കാരണം കാണിക്കൽ നോട്ടീസ്, ശിക്ഷാ നടപടികൾ തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവും ഇതോടൊപ്പം പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സമർപ്പിക്കും. ജയിനും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിന്റെ 2013 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണ് പ്രശാന്ത് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്.
തൊഴിൽദാതാവും തൊഴിലാളികളും തമ്മിലുള്ള പ്രശ്നങ്ങൾ പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്തതാണെന്നും ഇത്തരം വിവരങ്ങൾ മൂന്നാം കക്ഷിക്കു നൽകുന്നത്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും വിലയിരുത്തിയാണ് ഇതു വിവരാവകാശ നിയമപ്രകാരം നൽകരുതെന്ന സുപ്രീംകോടതി ഉത്തരവെന്നാണ് പ്രശാന്തിന്റെ വാദം.
അതേസമയം, പ്രശാന്ത് ഇന്നലെ വീണ്ടും സസ്പെൻഷനെക്കുറിച്ചുള്ള പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ""വാറോല കിട്ടിയ ശേഷം പ്രതികരിക്കാം''എന്നായിരുന്നു പ്രശാന്തിന്റെ മറുപടി. ആദ്യമായാണ് തനിക്കെതിരേ സസ്പെൻഷൻ നടപടിയുണ്ടാകുന്നതെന്നും പ്രശാന്ത് പറഞ്ഞു.