സൂക്ഷിക്കണം; വഖഫ് നിയമത്തിലെ 52 എ!
Wednesday, November 13, 2024 1:59 AM IST
സിജോ പൈനാടത്ത്
കൊച്ചി: വഖഫ് നിയമത്തിലെ ഏതെങ്കിലും ലംഘനങ്ങളിൽ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്തി പ്രോസിക്യൂഷന് അനുമതി നൽകുന്ന, 2013ലെ വഖഫ് നിയമഭേദഗതിയുടെ 52 എ വകുപ്പ് ഗൗരവമുള്ളത്. ഇതുപ്രകാരം കുറ്റക്കാരെന്നു തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്, തടവുശിക്ഷ... ഇങ്ങനെ പോകുന്നു ശിക്ഷകളുടെ സ്വഭാവം!
വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ വഖഫ് സ്വത്ത് അന്യാധീനപ്പെടുത്തുന്നതിനുള്ള ശിക്ഷ കഠിനമാണ്. ഒരാൾ സ്ഥിരമായോ താത്കാലികമായോ, കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും സ്ഥാവരമോ ജംഗമമോ ആയ വസ്തുക്കൾ വഖഫാണെന്നു തെളിഞ്ഞാൽ, അയാൾക്കു രണ്ടു വർഷം വരെ തടവുശിക്ഷ നൽകാൻ നിയമം അനുവദിക്കുന്നു.
അന്യാധീനപ്പെട്ട വഖഫ് സ്വത്ത് കൈയേറിയതെന്നു തെളിഞ്ഞാൽ നിലവിലുള്ള ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകളുടെ ആനുകൂല്യമില്ലാതെ, അതു വഖഫ് ബോർഡിലേക്ക് എത്തിച്ചേരുമത്രെ.
1973 കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ പ്രകാരം വഖഫ് നിയമത്തിലെ 52 എ പ്രകാരം ഏതെങ്കിലും വിധത്തിലുള്ള കുറ്റം ചെയ്തുവെന്നു തെളിഞ്ഞാൽ ജാമ്യം ലഭിക്കാത്ത വകുപ്പു പ്രകാരമാകും കേസെടുക്കുക.
വഖഫ് വസ്തുക്കൾ കൈയേറ്റം ചെയ്തുവെന്ന പരാതി വഖഫ് ബോർഡിനോ സംസ്ഥാന സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ കോടതിയിൽ സമർപ്പിക്കാം.
വഖഫ് നിയമഭേദഗതിപ്രകാരമുള്ള കുറ്റങ്ങളിൽ മറ്റുള്ളവരുടെ പരാതികൾ സ്വീകരിക്കാൻ കോടതികൾക്കു ബാധ്യതയില്ല. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടോ അതിനു മുകളിലോ ഉള്ള കോടതികൾക്കാകും വഖഫ് നിയമത്തിലെ 52 എ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ വിചാരണയ്ക്കുള്ള അധികാരമെന്നും നിയമം ചൂണ്ടിക്കാട്ടുന്നു.
വഖഫെന്ന് അവകാശപ്പെടുന്ന വസ്തു കൈവശം വയ്ക്കുന്നത് ഏതെങ്കിലും സ്ഥാപനമെങ്കിൽ, പരാതിക്കാർ കേസ് നൽകുന്ന ഘട്ടത്തിലെ സ്ഥാപനത്തിന്റെ നടത്തിപ്പു ചുമതലക്കാർ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരും.
കോഴിക്കോട് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നതു വഖഫ് ഭൂമിയിലാണെന്ന വഖഫ് ബോർഡിന്റെ പരാതിയിൽ പോസ്റ്റൽ സൂപ്രണ്ട് ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥർക്കെതിരേയായിരുന്നു കേസെടുത്തത്.