വാർത്താസമ്മേളനവുമായി അൻവർ; ചട്ടലംഘനമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
Wednesday, November 13, 2024 1:59 AM IST
തൃശൂർ: ചേലക്കരയിൽ വാർത്താസമ്മേളനം നടത്താനെത്തിയ പി.വി. അൻവർ എംഎൽഎയെ വിലക്കിയ തെരഞ്ഞെടുപ്പുകമ്മീഷൻ ഉദ്യോഗസ്ഥനെ എതിർത്തും വെല്ലുവിളിച്ചും അൻവർ.
ഹോട്ടൽ അരമനയിൽ ഇന്നലെ രാവിലെ അൻവർ വാർത്താസമ്മേളനം വിളിച്ചതറിഞ്ഞയുടൻതന്നെ ചേലക്കരയിലുണ്ടായിരുന്ന കമ്മീഷൻ ഉദ്യോഗസ്ഥരും പോലീസും ഇതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടുകയും ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
ഹോട്ടൽ അധികൃതർ ഇത്തരമൊരു വിലക്കുണ്ടെന്ന കാര്യം അൻവറിനോടു പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽനിന്നു പിൻമാറാൻ അദ്ദേഹം തയാറായില്ല. ഇതോടെ പോലീസും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേകും ഹോട്ടലിലേക്ക് എത്തി. അപ്പോഴേക്കും വാർത്താസമ്മേളനം തുടങ്ങിക്കഴിഞ്ഞിരുന്നു.
വാർത്താസമ്മേളനത്തിനിടയിലേക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എത്തുകയും അൻവറിനോടു വാർത്താസമ്മേളനം ചട്ടലംഘനമാണെന്നു പറയുകയും ഇതുസംബന്ധിച്ച രേഖകൾ നൽകുകയും ചെയ്തു.
രേഖകൾ വായിച്ചശേഷം, എന്താണു താൻ നടത്തിയ ചട്ടലംഘനമെന്നും ഏത് ആക്ട് പ്രകാരമാണ് വാർത്താസമ്മേളനം നിർത്താൻ ആവശ്യപ്പെടുന്നതെന്നുവിശദമാക്കണമെന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോട് അൻവർ പറഞ്ഞു.
വോട്ടെടുപ്പിനു 24 മണിക്കൂർമുൻപ് ഇത്തരമൊരു വാർത്താസമ്മേളനം പാടില്ലെന്നും മണ്ഡലത്തിനു പുറത്തുനിന്നുള്ളവർ മണ്ഡലം വിട്ടുപോകണമെന്നാണു ചട്ടമെന്നും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആവർത്തിച്ചുപറഞ്ഞിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ കൂട്ടാക്കിയില്ല.
ശബ്ദപ്രചാരണത്തിനുമാത്രമാണു നിരോധനമെന്നും എന്താണ് താൻ ലംഘിച്ചതെന്നു വ്യക്തമാക്കണമെന്നും, പിണറായി പറഞ്ഞയുടൻ വന്ന് വാർത്താസമ്മേളനം നിർത്താൻ പറഞ്ഞാൽ നടക്കില്ലെന്നും ഓലപ്പാന്പു കാണിച്ച് പേടിപ്പിക്കരുതെന്നും അൻവർ ഉദ്യോഗസ്ഥനോടു പറഞ്ഞു.
ചട്ടലംഘനം നടത്തിയെന്നു തെളിഞ്ഞാൽ താൻ പത്രസമ്മേളനം ചെറുതുരുത്തി പാലത്തിനപ്പുറത്തു നടത്താമെന്നും പറഞ്ഞു.
പലതവണ പറഞ്ഞിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ കൂട്ടാക്കാതിരുന്നതോടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിവേക് ഹോട്ടലിൽനിന്നു മടങ്ങി. അൻവർ പറഞ്ഞ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ അറിയിച്ചശേഷമാണു വിവേക് മടങ്ങിയത്.
താൻ യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷമാണ് താൻ വാർത്താസമ്മേളനം നടത്തിയതെന്നും അൻവർ പറഞ്ഞു. എന്നാൽ, അൻവറിനെതിരേ കടുത്ത നടപടിക്കു സാധ്യതയേറെയാണെന്നാണ് തെരഞ്ഞെടുപ്പുകമ്മീഷൻ നൽകുന്ന സൂചന.