സംഘപരിവാറിനു മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശൻ
Wednesday, November 13, 2024 1:59 AM IST
തിരുവനന്തപുരം: മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന സംഘപരിവാർ അജൻഡയ്ക്കു മുഖ്യമന്ത്രിയും സിപിഎമ്മും കുട പിടിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കുകയെന്ന ദുരുദ്ദേശ്യത്തോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ പോലും സർക്കാർ തയാറായിട്ടില്ല.
കോണ്ഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പാതിരാത്രി കള്ളപ്പണം കണ്ടെത്തുന്നതിനു റെയ്ഡ് നടത്തിയ പോലീസ്, മതപരമായ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ പോലും തയാറാകുന്നില്ല.
ചേലക്കരയിൽ വെള്ളത്തിനു തീപിടിപ്പിക്കുന്ന തരത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയുള്ള ലഘുലേഖ ബിജെപി ന്യൂനപക്ഷ മോർച്ച ക്രൈസ്തവ വീടുകളിൽ വിതരണം ചെയ്തു. എന്നിട്ടും കേസെടുത്തില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുനന്പത്തെ പ്രശ്നം പത്തു മിനിട്ടുകൊണ്ടു സർക്കാരിനു പരിഹരിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഇങ്ങനെ പോകട്ടെയെന്ന നിലപാടിലാണു സർക്കാർ. ഉപതെരഞ്ഞെടുപ്പിനു മുന്പു മുനന്പം വിഷയം രമ്യമായി പരിഹരിക്കരുതെന്ന ഉദ്ദേശ്യം കൂടി സർക്കാരിനുണ്ട്.
ഒരു സങ്കീർണമായ നിയമവും മുനന്പം പ്രശ്നത്തിലില്ല. എല്ലാ മുസ്ലിം സംഘടനകളും മുസ്ലിംലീഗും മുനന്പത്തേതു വഖഫ് ഭൂമിയല്ലെന്നും താമസിക്കുന്നവർക്കാണ് അവകാശമെന്നു പറഞ്ഞിട്ടുണ്ട്.
സംസ്ഥാന സർക്കാരിനും വഖഫ് ബോർഡിനും വഖഫ് മന്ത്രിക്കും മാത്രമെ ഇപ്പോഴും സംശയമുള്ളൂ. വഖഫ് ബോർഡ് ഇപ്പോഴും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ആ ഭൂമിയിൽ ക്ലെയിം ഇല്ലെന്ന നിലപാടു സ്വീകരിക്കാൻ വഖഫ് ബോർഡിനോടു സർക്കാർ ആവശ്യപ്പെടണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
ആദ്യമായി സീപ്ലെയിൻ കൊണ്ടുവന്നെന്നാണു സർക്കാർ ഇപ്പോൾ അവകാശപ്പെടുന്നത്. 2013ൽ ഉമ്മൻ ചാണ്ടി സർക്കാർ സീപ്ലെയിൻ കൊണ്ടുവന്നപ്പോൾ കടലിൽ ചുവന്ന കൊടികുത്തി സമരം ചെയ്തവരാണ് ഇപ്പോൾ സീപ്ലെയിനിന്റെ പിതാക്കന്മാരാണെന്നു പറയുന്നത്.
കാൽ ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ റാഞ്ചാൻ വേണ്ടിയാണു സീ പ്ലെയിൻ കൊണ്ടുവരുന്നതെന്നാണു സിപിഎം പറഞ്ഞത്. ഒരു നാണവും ഇല്ലാതെയാണു മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്ലെയിനിൽ കയറി കൈവീശി കാണിച്ചത്. സിപിഎം നേതാക്കൾ അന്നു നടത്തിയ പ്രസംഗങ്ങൾ പുസ്തകമാക്കിയാൽ അതൊരു അമൂല്യ സന്പത്തായിരിക്കും.
ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോൾ 6000 കോടിയുടെ അഴിമതിയുണ്ടെന്നു പറഞ്ഞ പിണറായി വിജയനാണു വിഴിഞ്ഞത്തു പോയി കപ്പൽ നോക്കി ആശ്വാസംകൊള്ളുകയും നെടുവീർപ്പെടുകയും ചെയ്തതെന്നും സതീശൻ പറഞ്ഞു.