വഖഫ് കുരുക്ക് ചാവക്കാട്ടും; ഇരുനൂറോളം കുടുംബങ്ങൾക്കു ഭീഷണി
Wednesday, November 13, 2024 1:59 AM IST
ചാവക്കാട്: മകളുടെ കല്യാണത്തിനു സ്ഥലം പണയപ്പെടുത്തി വായ്പയെടുക്കാൻ ഭൂനികുതിയടയ്ക്കാൻ വില്ലേജിൽ ചെന്നപ്പോഴാണ് തന്റെ കിടപ്പാടത്തിനുമേൽ വഖഫ് അവകാശവാദമുന്നയിച്ച കാര്യം ഹനീഫ അറിയുന്നത്.
താൻ പണംകൊടുത്തുവാങ്ങിയ സ്ഥലം എന്നാണ് വഖഫിന്റേതായത്? മണത്തല പള്ളിത്താഴം വലിയകത്ത് ഹനീഫയുടെ ചോദ്യത്തിനു മണത്തല വില്ലേജ് ഓഫീസർ നൽകിയ മറുപടി കേട്ട് ഹനീഫ ഞെട്ടി. ഈ10 സെന്റ് സ്ഥലത്തിൽ അവകാശമുന്നയിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നികുതി അടയ്ക്കാനോ കൈവശാവകാശ സർട്ടിഫിക്കറ്റ് കൊടുക്കാനോ പാടില്ലെന്നു വഖഫ് ബോർഡ് നിർദേശം നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.
ഈ പ്രതിസന്ധി നേരിടുന്നതു ഹനീഫ മാത്രമല്ല. ആറു സർവേ നമ്പറുകളിലായി 17 ഏക്കർ ഭൂമിയിൽ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളാണ് മണത്തല വില്ലേജിൽ മാത്രം വഖഫ് ബോർഡിന്റെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.
വർഷങ്ങളായി താമസിക്കുന്ന പരമ്പരാഗത ഭൂവുടമകളിൽനിന്നു വിലകൊടുത്തും പട്ടയമായും ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചിട്ടുണ്ട്. ചാവക്കാട് നഗരസഭ 20-ാം വാർഡിൽ ഒട്ടേറെ കുടും ബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. ഇവിടെ വഖഫിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിപക്ഷം പേരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്. ഏതാനും വീട്ടുകാർമാത്രമാണ് ഇതരസമുദായക്കാർ. അവകാശമുന്നയിച്ച് ഭൂരിപക്ഷം പേർക്കും വഖഫ് ബോർഡിൽനിന്നു നോട്ടീസ് ലഭിച്ചിട്ടില്ല. പല ആവശ്യങ്ങൾക്കായി വില്ലേജിൽ എത്തുമ്പോഴാണ് സ്ഥലം അന്യമായ വിവരം അറിയുന്നത്.
താമസിക്കുന്ന ചെറിയ വീടിന്റെ സൗകര്യം ഒന്നു മെച്ചപ്പെടുത്തുന്നതിനാണു തന്റെ നാലു സെന്റ് സ്ഥലത്തോടു ചേർന്നുകിടക്കുന്ന ഭൂമിയിൽനിന്ന് ഒരു സെന്റ് ഒരുമനയൂർ പഞ്ചായത്ത് ഒറ്റത്തെങ്ങ് രണ്ടാംവാർഡിൽ നീലങ്കാവിൽ ഫ്രാൻസിസ് 2011 ൽ വാങ്ങിയത്. ഇവിടേക്കു വീട് നീട്ടിപ്പണിതു. ഇതിനു പിന്നാലെ സ്ഥലം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡിന്റെ നോട്ടീസ് മൂന്നു തവണയായി വന്നു. ഇതുമായി ഓടിയപ്പോഴാണ് ഒരുമനയൂർ പഞ്ചായത്തിലെ 35 വീട്ടുകാർക്കു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. ഇതിൽ ഒരു സെന്റ് മുതൽ 34 സെന്റ് വരെയുള്ള ഭൂമി ഉൾപ്പെടും.
സാമൂതിരി കുടുംബത്തിൽനിന്ന് ഒരുമനയൂരിലെ സമ്പന്നരായ പുഴയ്ക്കൽ തറവാട്ടുകാർ 1910ൽ വാങ്ങിയ സ്ഥലം 1976ൽ മൂത്തേണ്ടത്ത് ബാഹുലേയനു വിറ്റു. പിന്നീട് ബാഹുലേയൻ വിറ്റ ഭൂമിയിലാണ് വഖഫ് അവകാശമുന്നയിച്ചിട്ടുള്ളത്. ഇതിൽ ചെട്ടിക്കുളം രാമുവിനു കുടികിടപ്പായി 10 സെന്റിന്റെ പട്ടയം സർക്കാർ നൽകിയിട്ടുണ്ട്. രാമുവിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പാലയൂർ, തെക്കൻപാലയൂർ, ചക്കംകണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി 50ൽപ്പരം വീട്ടുകാർ താമസിക്കുന്ന സ്ഥലത്തിൽ അവകാശമുന്നയിച്ച് വഖഫ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിൽ അടുത്തയിടെ മുനിസിപ്പാലിറ്റിയിൽനിന്ന് അനുമതി വാങ്ങി വലുതും ചെറുതമായ വീടുകൾ നിർമിച്ചവരുണ്ട്. ഇവരിൽ പലർക്കും ഭൂനികുതി അടയ്ക്കാൻ കഴിയുന്നില്ല.