രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ
Thursday, November 14, 2024 1:00 AM IST
തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കും. 15 തിയറ്ററുകളിലായാണ് മേള നടക്കുന്നത്. 180 സിനിമകൾ പ്രദർശിപ്പിക്കും. ‘മലയാളം സിനിമ റ്റുഡേ’ വിഭാഗത്തിൽ 14 സിനിമകളാണുള്ളത്.
സംവിധായകൻ ജിയോ ബേബി ചെയർമാനും നടി ദിവ്യപ്രഭ, സംവിധായകരായ ഫാസിൽ റസാഖ്, വിനു കോളിച്ചാൽ, തിരക്കഥാകൃത്ത് പി.എസ് റഫീക് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്.
വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്ന പാക്കേജ് മുൻ മേളയിലെ പോലെ ഇത്തവണയും ഉണ്ടാവുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
മേളയുടെ മത്സരവിഭാഗത്തിലേക്ക് ഇന്ത്യൻ പ്രാദേശികഭാഷാ ചിത്രങ്ങളിൽനിന്നും ജയൻ ചെറിയാന്റെ ദി റിഥം ഓഫ് ദമാം, അഭിജിത് മജുംദാറിന്റെ ബോഡി എന്നീ സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. ആകെ ഒമ്പത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് 10 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്.