നാഥനില്ലാക്കഥ
Thursday, November 14, 2024 1:57 AM IST
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയുടെ ഉള്ളടക്കം എന്ന പേരിൽ ദേശീയ മാധ്യമത്തിലൂടെ പുറത്തുവന്ന വിവരങ്ങൾ ഉപതെരഞ്ഞെടുപ്പു ദിവസം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമായി നിറഞ്ഞുനിന്നു.
സിപിഎമ്മിനും പിണറായി സർക്കാരിനും നേരേയുള്ള വിമർശനങ്ങൾ ഉൾപ്പെടുന്ന പരാമർശങ്ങളും പുസ്തകത്തിന്റേതായി പുറത്തുവന്ന ഭാഗങ്ങളിൽ ഉൾപ്പെട്ടു. വിവാദം കത്തിപ്പടർന്നതോടെ ആ പുസ്തകം തന്റേതല്ലെന്നു പറഞ്ഞ് ഇ.പി. ജയരാജൻ രംഗത്തെത്തി. ജയരാജൻ പറഞ്ഞതു പാർട്ടി വിശ്വസിക്കുന്നു എന്നു പറഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിവാദം അവസാനിപ്പിക്കാൻ നീക്കം നടത്തി.
പ്രമുഖ പ്രസാധകരായ ഡിസി ബുക്സ് തന്നെയാണ് പുസ്തകത്തെക്കുറിച്ചുള്ള അറിയിപ്പ് അവരുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ദിവസമായ ഇന്നലെ രാവിലെ വിവാദം പ്രതിപക്ഷമുൾപ്പെടെ ഏറ്റുപിടിച്ചതോടെ പുസ്തകത്തിന്റെ പ്രകാശനം സാങ്കേതിക കാരണങ്ങളാൽ നീട്ടിവച്ചതായി ഡിസി അറിയിച്ചു.
എന്നാൽ, പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന ജയരാജന്റെ പ്രസ്താവനയോട് ഡിസി ബുക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രകാശനം മാറ്റിവയ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
"കട്ടൻ ചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ കവർചിത്രവും ഡിസി ചൊവ്വാഴ്ച വൈകുന്നേരം പുറത്തുവിട്ടിരുന്നു. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിനെതിരായ പരാമർശങ്ങൾ ഉൾപ്പെട്ടതാണ് വിവാദം കത്തിപ്പടരാൻ ഇടയാക്കിയത്. സരിന്റെ പ്രചാരണത്തിനായി ജയരാജനെ ഇന്നു പാലക്കാട്ട് എത്തിച്ചുകൊണ്ടാണ് സിപിഎം ഇതിനു പ്രതിരോധമൊരുക്കിയിരിക്കുന്നത്.
""പുസ്തകം പൂർത്തിയായിട്ടില്ല; ഡിസി ബുക്സിനെ ചുമതലപ്പെടുത്തിയിട്ടില്ല''
കണ്ണൂർ: ""എന്റെ പുസ്തകം ഇപ്പോഴും പണിപ്പുരയിലാണ്. എഴുതി പൂർത്തിയായിട്ടില്ല. പേരോ കവർചിത്രമോ തീരുമാനിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ താൻ ഡിസി ബുക്സിനെ ചുമതലപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് നിയമനടപടികൾ സ്വീകരിക്കും''- ഇന്നലെ പലതവണ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്.
""പുസ്തകം എഴുതുന്നു എന്നറിഞ്ഞപ്പോൾ ഡിസി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരണ സന്നദ്ധത അറിയിച്ചിരുന്നു. പുസ്തകം പൂർത്തിയാകട്ടെ എന്നാണ് ഞാൻ ഇരുവരോടും പറഞ്ഞത്.ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഇപ്പോൾ എന്റെ പുസ്തകത്തിലെ ഭാഗങ്ങൾ എന്നു പറഞ്ഞ് പുറത്തുവന്നതൊന്നും ഞാൻ എഴുതിയതല്ല. ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ എന്റെ ആത്മകഥയുടെ ഭാഗങ്ങളെന്നു പറഞ്ഞ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പുറത്തുവിട്ടതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്.
തെറ്റായ വാർത്തകൾ സൃഷ്ടിച്ച് എന്നെയും പാർട്ടിയെയും നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിൽ. പുസ്തകം പുറത്തിറങ്ങുന്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസിലാകും. ഡിസി പുറത്തിറക്കുമെന്നു പറയുന്ന പുസ്തകത്തെക്കുറിച്ച് വാർത്തകൾ വന്നപ്പോഴാണ് അറിയുന്നത്. എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെയാണു പുറത്തിറങ്ങുകയെന്നത് മനസിലാകുന്നില്ല ''- ഇ.പി. പറഞ്ഞു.
ഡിജിപിക്ക് പരാതി
തിരുവനന്തപുരം: ആത്മകഥയുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണങ്ങൾക്കു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി.
ഉപതെരഞ്ഞെടുപ്പു ദിവസംതന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയിൽ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
ഡിസി ബുക്സ് മാപ്പു പറയണമെന്ന് ഇപി
കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിന് ഇ.പി. ജയരാജന് വക്കീൽ നോട്ടീസയച്ചു. ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ഇ.പി. ജയരാജന് അഡ്വ. കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിലുള്ളത്.
ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാനാണെന്നാണ് ഇപിയുടെ ആരോപണം. പുറത്തുവന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പുസ്തകപ്രകാശനം നീട്ടിവയ്ക്കുന്നു: ഡിസി ബുക്സ്
കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥയിലെ ഉള്ളടക്കം വിവാദത്തിലായതോടെ സോഷ്യല്‍ മീഡിയയില്‍ ഡിസി ബുക്സ് പ്രതികരണം അറിയിച്ചു.
""കട്ടന്‍ചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’’ എന്ന ആത്മകഥയുടെ പ്രകാശനം സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കുന്നതായും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുമെന്നുമാണ് ഡിസി ബുക്സ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.