വിവേക് രാമസ്വാമിയുടെ സ്ഥാനലബ്ധി: ആഹ്ലാദം പങ്കുവച്ച് വടക്കഞ്ചേരിക്കാർ
Thursday, November 14, 2024 1:00 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി (പാലക്കാട്): മലയാളിയായ വിവേക് രാമസ്വാമി ട്രംപ് മന്ത്രിസഭയിലെ അംഗമാകുന്നതിന്റെ ആഹ്ലാദത്തിലാണ് വടക്കഞ്ചേരി. വിവേകിന്റെ അച്ഛന്റെ നാട് വടക്കഞ്ചേരിയാണ്. പരസ്പരം ആഹ്ലാദവും അഭിമാനവും പങ്കുവയ്ക്കുന്ന ഫോൺസന്ദേശങ്ങൾ പ്രവഹിക്കുകയാണിവിടെ.
വടക്കഞ്ചേരി ഗ്രാമത്തിലാണ് അച്ഛൻ ഡോ. രാമസ്വാമി(ബാലൻ)യുടെ വീട്. ഇവിടെയിപ്പോൾ രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യൻ മാത്രമാണുള്ളത്. മറ്റു സഹോദരങ്ങളായ വൃന്ദ, ശോഭ, ഇന്ദിര, രാമനാഥൻ, മോഹനൻ എന്നിവരെല്ലാം അമേരിക്കയിൽതന്നെയാണ്. കല്പാത്തി രഥോത്സവ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയതിനാൽ ചന്ദ്ര സുബ്രഹ്മണ്യനും വീട്ടിലില്ല. പാലക്കാട്ടാണ്.
മന്ത്രിസഭയിൽ ഉയർന്ന പദവി ചെറുപ്പക്കാരനായ വിവേക് രാമസ്വാമിക്കു ലഭിക്കുമെന്നുതന്നെ പ്രതീക്ഷിച്ചിരുന്നുവെന്ന് വടക്കഞ്ചേരി ബ്രാഹ്മണസമൂഹം മുൻ പ്രസിഡന്റും വിവേകിന്റെ ബന്ധുവും അയൽവാസിയുമായ വി.എസ്. വെങ്കിട്ടരാമൻ പറഞ്ഞു.
തിരക്കുകളെല്ലാം കഴിയുമ്പോൾ വിവേക് രാമസ്വാമിക്കു വടക്കഞ്ചേരിയിൽ വമ്പൻ സ്വീകരണം ഒരുക്കാൻ ആലോചനയുണ്ടെന്നും വെങ്കിട്ടരാമനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻഭാരവാഹിയും ബന്ധുവുമായ വി.വി.ആർ. രാമസ്വാമിയും പറഞ്ഞു.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി വിവേക് രാമസ്വാമി മത്സരിക്കുമെന്ന വാർത്തകൾ നേരത്തേയുണ്ടായിരുന്നു. ഈ സന്തോഷം പിന്നീട് വഴിമാറിയെങ്കിലും മന്ത്രിസഭയിലെ പ്രബലനാകാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് വിവേകിന്റെ ബന്ധുക്കൾ.
അമേരിക്കൻ പ്രസിഡന്റാകുമെന്നു കുട്ടിക്കാലത്തുതന്നെ വിവേക് കളിപറയാറുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. കുഞ്ഞുനാളിലെ വിവേകിന്റെ മോഹങ്ങളെല്ലാം തമാശയായിട്ടേ അവർ എടുത്തിരുന്നുള്ളൂ. എന്നാൽ, പിന്നീട് അദ്ദേഹത്തിന്റെ പഠനമികവും കഴിവുകളും ദീർഘവീക്ഷണവുമെല്ലാം തമാശവിട്ട് കാര്യത്തിലേക്ക് അടുപ്പിച്ചു.
വെരി ഗുഡ് സ്പീക്കർ
വെരി ഗുഡ് സ്പീക്കർ എന്നാണു വിവേകിനെക്കുറിച്ച് ബന്ധുക്കൾക്കെല്ലാം പറയാനുള്ളത്. ഏതു കാര്യവും മറ്റൊരാൾക്കു ബോധ്യപ്പെടുത്തിക്കൊടുക്കാൻ പ്രത്യേക കഴിവുണ്ട്. മാൻ ഓഫ് ദ മാൻ എന്ന തലക്കെട്ടുകളിലെല്ലാം വിവേകിനെക്കുറിച്ച് നിരവധിതവണ അമേരിക്കൻ ജേർണലുകളിൽ വന്നിട്ടുണ്ട്.
കടുത്ത ഈശ്വരവിശ്വാസിയാണ് വിവേക്. കേരളത്തിൽ എത്തിയാൽ ബന്ധുവീടുകളിലും സാധിക്കാവുന്ന ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും. വിവാഹംകഴിഞ്ഞ് ആറു വർഷംമുമ്പാണ് വിവേകും ഭാര്യയുംകൂടി വടക്കഞ്ചേരിയിൽ വന്നത്. തിരക്കുകളുള്ളതിനാൽ ഒന്നോ രണ്ടോ ആഴ്ചയേ ഇവിടെ തങ്ങാറുള്ളൂ. മലയാളം നന്നായി സംസാരിക്കാൻ കഴിയില്ലെങ്കിലും പറയുന്നതു മനസിലാകും.
വിവേകിന്റെ കുടുംബം ഉൾപ്പെടെ ഗ്രാമത്തിൽനിന്നു നിരവധി കുടുംബങ്ങൾ അമേരിക്കയിൽ സ്ഥിരതാമസമുള്ളതിനാൽ വർഷത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ബന്ധുക്കൾ അവിടെ പോയിവരും.
അപ്പോഴെല്ലാം അമേരിക്കൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസ് ദൂരക്കാഴ്ചയായിരുന്നു. ഈശ്വരാനുഗ്രഹമാണ് ഈ സ്ഥാനലബ്ധി. വൈറ്റ് ഹൗസ് ഇനി വിദൂരമല്ലെന്നും അമേരിക്കയിൽ പോയി വൈറ്റ് ഹൗസിൽ പ്രസിഡന്റിന്റെ ആസ്ഥാനമെല്ലാം തൊട്ടടുത്തു കാണണമെന്നും ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിച്ചു.
ഒരു വർഷം മുമ്പും വിവേകിന്റെ അച്ഛൻ ഡോ. രാമസ്വാമിയും അമ്മ ഡോ. ഗീതയും ഒന്നിച്ച് വടക്കഞ്ചേരിയിൽ വന്നിരുന്നു. ഇവരുടെ മറ്റൊരു മകൻ ശങ്കറും അമേരിക്കയിൽത്തന്നെയാണ്.