കെഎസ്ആർടിസിയിൽ ഹിതപരിശോധന; വിജ്ഞാപനം ഉടൻ
Thursday, November 14, 2024 1:00 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാൻ ഹിതപരിശോധന അടുത്ത വർഷം ആദ്യം നടത്തും. അതിനുള്ള വിജ്ഞാപനം ഈ മാസം തന്നെ പ്രസിദ്ധീകരിക്കാനാണ് നീക്കം.
ഹിതപരിശോധന ഉടൻ നടത്തുമെന്നും തീയതി കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നും ഭരണ വിഭാഗത്തിന്റെ കൂടി ചുമതലയുള്ള ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു. ഹിതപരിശോധനയുടെ റിട്ടേണിംഗ് ഓഫീസറായി അഡീഷണൽ ലേബർ കമ്മീഷണറെയായിരിക്കും നിയോഗിക്കുക.
നിലവിൽ കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി സംഘടനകൾ ഇല്ലാത്ത അവസ്ഥയാണ്. ഹിതപരിശോധനയിലൂടെ തെരഞ്ഞെടുക്കപ്പെട്ട അംഗീകൃത യൂണിയനുകളുടെ കാലാവധി കഴിഞ്ഞു, ആറുമാസം കൂടി കാലാവധി നീട്ടിയും നല്കി.
അംഗീകൃതയൂണിയൻ പ്രതിനിധികളുമായി ചർച്ച നിയമപരമായി നടത്താൻ കഴിയാത്ത അവസ്ഥയാണ്. നയപരമായ തീരുമാനങ്ങളെടുക്കണമെങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യൂണിയനുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചു ചർച്ച നടത്തണം.
അതൊഴിവാക്കാനാണ് ഹിതപരിശോധന നടത്തി അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാൻ മാനേജ്മെന്റ് നീക്കം ആരംഭിച്ചത്. കെഎസ്ആർടിസിയിൽ നിലവിൽ സ്ഥിരം ജീവനക്കാരായി 22000 ത്തിലധികം പേരാണുള്ളത്. കഴിഞ്ഞ ഹിതപരിശോധനയിൽ എം പാനലുകാർ ഉൾപ്പെടെ 29 000 പേർക്ക് വോട്ടുണ്ടായിരുന്നു .
എംപാനലുകാർക്ക് വോട്ടവകാശം നല്കിയതിനെതിരെ ചില യൂണിയനുകൾ കോടതിയെ സമീപിച്ചിരുന്നു. പരാതികളും കേസുകളും ഒഴിവാക്കാനായി ഇത്തവണ വോട്ടവകാശം സ്ഥിരം ജീവനക്കാർക്ക് മാത്രമാക്കാനാണ് വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നീക്കം.
2016ൽ നടന്ന ഹിതപരിശോധനയിൽ 52 ശതമാനം വോട്ട് നേടി സിഐടിയു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ വിജയിച്ചു. യു ഡി എഫ് നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ടും അംഗീകാരം നേടി. ഈ രണ്ട് സംഘടനകൾക്ക് മാത്രമാണ് അന്ന് അംഗീകാരം ലഭിച്ചത്.
2020 ൽ നടന്ന ഹിതപരിശോധനയിൽ ചരിത്രത്തിലാദ്യമായി ബിഎംഎസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘ് അംഗീകൃത തൊഴിലാളി യൂണിയനായി തെരഞ്ഞെടുക്കപ്പെട്ടു.
എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) വോട്ട് മുൻ തെരഞ്ഞെടുപ്പിലെ 52 ശതമാനത്തിൽ നിന്നും 36 ശതമാനമായി കുറഞ്ഞു. യുഡിഎഫ് നേതൃത്വത്തിലുള്ള ടിഡിഎഫിന് 22 ശതമാനം വോട്ട് ലഭിച്ചു. ബിഎംഎസ് യൂണിയന് 19 ശതമാനം വോട്ടും ലഭിച്ചു.
നവംബർ അവസാന ആഴ്ച വിജ്ഞാപനം പുറപ്പെടുവിച്ച് 2025 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ശമ്പളം മുടങ്ങിയതും ഗഡുക്കളായി വിതരണം ചെയ്തതുമൊക്കെ ജീവനക്കാരിൽ നിന്നും ഭരണപക്ഷയൂണിയനെ അകറ്റിയതായി പറയുന്നു. ഭരണപക്ഷ യൂണിയന് ജീവനക്കാരുടെ അംഗീകാരം കിട്ടുമോ എന്ന ആശങ്കയാണ് ഹിതപരിശോധന നീട്ടികൊണ്ടു പോയതിനു പിന്നിൽ.